20 വർഷം: ഐ.ഐ.ടി. കാമ്പസുകളിൽ ജീവനൊടുക്കിയത് 171 വിദ്യാർഥികൾ

ഐ.ഐ.ടി. ബോംബെയിൽ 14 പേർ
പട്ടികജാതി, പട്ടികവർഗ വിദ്യാർഥികളിലെ ആത്മഹത്യാനിരക്ക് കൂടുതൽ
മുംബൈ : 20 വർഷത്തിനിടെ രാജ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളിൽ (ഐ.ഐ.ടി.) 171 വിദ്യാർഥികൾ ആത്മഹത്യചെയ്യുകയോ അസ്വാഭാവിക മരണത്തിന് കീഴടങ്ങുകയോ ചെയ്തതായി റിപ്പോർട്ട്. രണ്ടാംവർഷ ബി.ടെക്. വിദ്യാർഥി സാഹിൽ രവീന്ദ്ര വാകോഡ് ആത്മഹത്യ ചെയ്തതിനെത്തുടർന്ന് ബോംബെ ഐ.ഐ.ടി.യിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്.
ബോംബെ ഐ.ഐ.ടി. യിൽ 14 മരണങ്ങളാണ് ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തത്. കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഖരഗ്പുർ ഐ.ഐ.ടി. യിലാണ് 29. മദ്രാസ് ഐ.ഐ.ടി.യിൽ 26 മരണങ്ങളും ഡൽഹി ഐ.ഐ.ടി.യിൽ 17 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കാൺപുർ ഐ.ഐ.ടി.യിലെ പൂർവവിദ്യാർഥിയും പട്ടികജാതി, പട്ടികവർഗ വിദ്യാർഥികളെ പിന്തുണയ്ക്കുന്ന ഒരു പ്ലാറ്റ്ഫോമിന്റെ സ്ഥാപകനുമായ ധീരജ്‌സിങ്ങാണ് ഈ വിവരങ്ങൾ സമാഹരിച്ചത്. വിവരാവകാശ അപേക്ഷകളുടെയും മാധ്യമറിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് താൻ ഡേറ്റ തയ്യാറാക്കിയതെന്ന് അദ്ദേഹം പറയുന്നു.
2006 ജനുവരിമുതൽ 2026 സെപ്റ്റംബർവരെയുള്ള വിവരങ്ങളാണ് ധീരജ്‌സിങ് ശേഖരിച്ചത്. 2006-2015 സമയത്ത് 51 മരണം രേഖപ്പെടുത്തിയപ്പോൾ 2016-2026 കാലയളവിൽ 120 മരണം രേഖപ്പെടുത്തി. 82 ശതമാനത്തോളം മരണങ്ങളുംകാമ്പസുകളിലാണ് നടന്നിട്ടുള്ളത്. ഇത് കാമ്പസുമായി ബന്ധപ്പെട്ട ഘടകങ്ങൾ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്നു.
പരീക്ഷാസമയത്തും ഫലപ്രഖ്യാപന സമയത്തും വിദ്യാർഥികളുടെ മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടു. സെമസ്റ്റർ ഇടവേളകളിൽ കുറവാണ്. ആത്മഹത്യാകേസുകളിൽ 70 ശതമാനത്തോളം തൂങ്ങിമരണങ്ങളാണ്. ബി.ടെക്., പിഎച്ച്.ഡി. വിദ്യാർഥികളാണ് മരിച്ചവരിൽ 60 ശതമാനത്തോളം. പട്ടികജാതി, പട്ടികവർഗ വിദ്യാർഥികളിലെ ആത്മഹത്യാനിരക്ക് ജനറൽ വിഭാഗത്തേക്കാൾ ഇരട്ടിയാണെന്ന് ധീരജ് സിങ് പറയുന്നു. കോവിഡിനുശേഷം ആത്മഹത്യയിൽ കുത്തനെ വർധനവുണ്ടായി.