എൽ. മുരുഗൻ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായേക്കും

ചെന്നൈ : തമിഴ്നാട്ടിൽ ബി.ജെ.പി.യുടെ സംഘടനാശേഷി ശക്തിപ്പെടുത്താൻ എൽ. മുരുഗനെ സംസ്ഥാന പ്രസിഡന്റാക്കിയേക്കും. കഴിഞ്ഞദിവസമാണ് അദ്ദേഹം കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജിവെച്ചത്. 2020-ൽ തമിഴിസൈ സൗന്ദർരാജൻ രാജിവച്ചപ്പോൾ എൽ. മുരുഗൻ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തിരുന്നു.
2020 മാർച്ചുമുതൽ 2021 ജൂലായ് വരെ സ്ഥാനത്ത് തുടർന്നു. തുടർന്ന് കേന്ദ്രമന്ത്രിയായി. ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചാണ് കേന്ദ്രമന്ത്രിസ്ഥാനം രാജിെവച്ചത്. ബി.ജെ.പി. നേതൃത്വത്തിന്റെ അറിവോടെയും അനുമതിയോടെയുമായിരുന്നു രാജി.
മുരുഗൻ രാജിവച്ചപ്പോഴാണ് അണ്ണാമലൈ സംസ്ഥാന പ്രസിഡന്റായത്. അന്നും ഇന്നും അണ്ണാ ഡി.എം.കെ.യുടെ സഖ്യകക്ഷിയാണ് ബി.ജെ.പി. എന്നാൽ അണ്ണാമലൈ അണ്ണാ ഡി.എം.കെ.യെ പൊതുജനമധ്യത്തിൽ അപമാനിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. അണ്ണാ ഡി.എം.കെ. ആവശ്യപ്രകാരമാണ് അണ്ണാമലൈയെ മാറ്റിയത്. പകരം നൈനാർ നാഗേന്ദ്രൻ സംസ്ഥാന പ്രസിഡന്റായി. എന്നാൽ, അദ്ദേഹത്തിന് പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിഞ്ഞില്ലെന്നാണ് ആരോപണം. ശക്തമായ രണ്ടാംനിര നേതാക്കളും സംസ്ഥാനത്തില്ല. തമിഴ്നാട്ടിൽ പാർട്ടിക്ക് ഇത്തരമൊരു സാഹചര്യം സമീപകാലത്തൊന്നുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ പ്രവർത്തനാനുഭവമുള്ള നേതാവ് എന്നനിലയിലാണ് എൽ. മുരുഗനെ പ്രസിഡന്റാക്കുക. ബി.ജെ.പി. യുടെ സംഘടനാതലം ശക്തിപ്പെടുത്താൻ ചിട്ടയായ പ്രവർത്തനപദ്ധതി തയ്യാറാക്കുകയെന്നതായിരിക്കും അദ്ദേഹത്തിന്റെ ലക്ഷ്യം. 2029-ൽ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ ശക്തനായ നേതാവുവേണം.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാലു സീറ്റുലഭിച്ചിരുന്ന ബി.ജെ.പി.യ്ക്ക് ഇത്തവണ ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി.ക്ക് നിലം തൊടാനായില്ല.
2014-ൽ ബി.ജെ.പി, പി.എം.കെ., ഡി.എം.ഡി.കെ. കൂട്ടുകെട്ടിൽ ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ പൊൻ രാധാകൃഷ്ണൻ കന്യാകുമാരിയിൽനിന്നും അൻപുമണി രാമദാസ് വിഴുപുരത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ദേശീയതലത്തിൽ ആഞ്ഞടിച്ച അഴിമതി വിരുദ്ധ പ്രചാരണം തമിഴ്നാട്ടിൽ ബി.ജെ.പി.യ്ക്ക് ഗുണകരമായിരുന്നു. ബി.ജെ.പി.യെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കുകയെന്ന ദൗത്യമാണ് കേന്ദ്ര നേതൃത്വം മുരുഗനെ ഏല്പിക്കുക.