വിജയ് സർക്കാരിന്റെ ആദ്യ ഹിതപരിശോധന

മധുരാന്തകവും ധാരാപുരവും ഇന്ന് ബൂത്തിലേക്ക്
ചെന്നൈ : നാലുമാസം പിന്നിട്ട ജോസഫ് വിജയ് സർക്കാരിന്റെ ആദ്യ ഹിതപരിശോധനയിൽ വിധിയെഴുതാൻ മധുരാന്തകം, ധാരാപുരം മണ്ഡലത്തിലെ വോട്ടർമാർ ചൊവ്വാഴ്ച പോളിങ് ബൂത്തിലെത്തും. കേവല വിജയത്തിനപ്പുറം വൻ ഭൂരിപക്ഷമാണ് ഉപതിരഞ്ഞെടുപ്പിൽ ടി.വി.കെ. ലക്ഷ്യമിടുന്നത്. എന്നാൽ, സർക്കാരിന് ആദ്യ തിരിച്ചടി നൽകാനാവുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷ ഡി.എം.കെ.യും അണ്ണാ ഡി.എം.കെ.യും.
നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ. ജയിച്ച മധുരാന്തകത്തും ധാരാപുരത്തും പാർട്ടി എം.എൽ.എ.മാർ രാജിവെച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. കഴിഞ്ഞതവണ അണ്ണാ ഡി.എം.കെ. ടിക്കറ്റിൽ മത്സരിച്ചവർ മാസങ്ങളുടെ ഇടവേളയിൽ ടി.വി.കെ. സ്ഥാനാർഥികളായി ജനവിധി തേടുമ്പോൾ കൂറുമാറ്റമെന്ന വിമർശനമുയർത്തിയാണ് അണ്ണാ ഡി.എം.കെ. അവരെ നേരിടുന്നത്. ധാരാപുരത്തെങ്കിലും ഈ വിമർശനം ടി.വി.കെ. സ്ഥാനാർഥിക്ക് തലവേദനയാകുന്നുണ്ട്. ഉപതിരഞ്ഞെടുപ്പുകളിൽ ഭരണപക്ഷം ജയിക്കുന്നതാണ് തമിഴ്‌നാട്ടിലെ പതിവെന്നതുകൊണ്ട് പാർട്ടി സ്ഥാനാർഥികളായ കെ. മരഗതം കുമാരവേൽ മധുരാന്തകത്തും പി. സത്യഭാമ ധാരാപുരത്തും ജയിക്കുമെന്ന് ഉറപ്പാണെന്ന് ടി.വി.കെ. കരുതുന്നു. പ്രകടനപത്രികയിലെ ജനപ്രിയ വാഗ്ദാനങ്ങളിൽ ചിലത് നടപ്പാക്കിയത് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടാൻ സഹായകമാവുമെന്ന് അവർ പ്രതീക്ഷിക്കുന്നു. കഴിഞ്ഞതവണ ലഭിച്ച രണ്ടു സീറ്റുകൂടി നഷ്ടമാകുന്നതോടെ അണ്ണാ ഡി.എം.കെ.യുടെ തകർച്ച പൂർത്തിയാവുമെന്നും അവശേഷിക്കുന്ന പ്രവർത്തകർകൂടി ടി.വി.കെ.യിലെത്തുമെന്നും ഭരണപക്ഷം കണക്കുകൂട്ടുന്നു. മുഖ്യമന്ത്രി ജോസഫ് വിജയ് രണ്ടു മണ്ഡലങ്ങളിലും പ്രചാരണത്തിന് ഏറെ സമയം നീക്കിവെച്ചെന്നത് തിരഞ്ഞടുപ്പിനെ ടി.വി.കെ. ഗൗരവത്തിലെടുക്കുന്നെന്നതിന്റെ സൂചനയാണ്. വിലക്കയറ്റം, വൈദ്യുതി മുടക്കം, അമിത വൈദ്യുതബിൽ തുടങ്ങിയ ജനകീയ പ്രശ്‌നങ്ങളുന്നയിച്ച് ശക്തമായ പ്രചാരണമാണ് രണ്ടിടത്തും ഡി.എം.കെ. കാഴ്ചവെച്ചത്. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും പാർട്ടി പ്രചാരണത്തിന് നേതൃത്വം നൽകി. മധുരാന്തകത്തെ പാർട്ടി സ്ഥാനാർഥി ഐ. പരന്താമന് നല്ല ജനപിന്തുണയുണ്ട്. ധാരാപുരത്ത് എസ്. സുകന്യയും ശക്തമായ മത്സരം കാഴ്ചവെക്കുന്നു. എന്നാൽ, സ്റ്റാലിന്റെ സ്ത്രീവിരുദ്ധ പരാമർശവും ഉദയനിധി പ്രചാരണത്തിൽ കുട്ടിയെ ഉപയോഗിച്ചതും ഡി.എം.കെ.യ്ക്ക് തിരിച്ചടിയായേക്കും. മധുരാന്തകത്ത് കനിത സമ്പത്തിനെയും ധാരാപുരത്ത് കെ. ഭാനുമതിയുമാണ് സീറ്റ് നിലനിർത്താൻ അണ്ണാ ഡി.എം.കെ. നിയോഗിച്ചിരിക്കുന്നത്. ഇടതുപക്ഷവും നാം തമിഴർ കക്ഷിയും രണ്ടിടത്തും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.