ചരിത്രമുറങ്ങുന്ന കുമാരകൃപ ഗസ്റ്റ് ഹൗസ് ഇനി ‘ഗംഗ’

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി
ബെംഗളൂരു : രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള ചരിത്രപുരുഷന്മാരുടെ ഓർമ്മകളുറങ്ങുന്ന പൈതൃകമന്ദിരമായ ബെംഗളൂരുവിലെ കുമാരകൃപ ഗസ്റ്റ് ഹൗസ് ഇനി കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി.
പഴയ ഗസ്റ്റ് ഹൗസ് നവീകരിച്ച് ഗംഗ എന്ന പുതിയ പേരുനൽകിയാണ് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഔദ്യോഗിക വസതിയാക്കിമാറ്റിയത്. പുതിയ ഓഫീസ് പ്രവർത്തനം തുടങ്ങുന്നതിന് മുന്നോടിയായി തിങ്കളാഴ്ച ശിവകുമാറും ഭാര്യ ഉഷയും ചേർന്ന് കെട്ടിടത്തിൽ പൂജനടത്തി.
പാലക്കാട് കുമാരപുരം സ്വദേശിയും 1883 മുതൽ 1901 വരെ മൈസൂരു ദിവാനുമായിരുന്ന കെ. ശേഷാദ്രി അയ്യർ ബെംഗളൂരുവിലെ തന്റെ വസതിയായി നിർമിച്ച മന്ദിരമാണ് പിന്നീട് കുമാരകൃപ ഗസ്റ്റ് ഹൗസ് ആയി മാറിയത്. 1886-ലാണ് നിർമാണം. ഇന്ത്യൻ വാസ്തുവിദ്യാശൈലിയിൽ കല്ലിൽത്തീർത്ത ഇരുനിലക്കെട്ടിടമാണിത്. കൊത്തുപണികളോടുകൂടിയ കൽജാലകങ്ങളും ഉയർന്ന നടപ്പാതകളും ഇതിന്റെ സവിശേഷതയാണ്. പിന്നീട് ബെംഗളൂരുവിലെ വിധാൻസൗധയുടെ നിർമാണത്തിൽ ഇത് സ്വാധീനം ചെലുത്തിയിരുന്നു. ശേഷാദ്രി അയ്യരുടെ മരണശേഷം 1918-ൽ അദ്ദേഹത്തിന്റെ മക്കളിൽനിന്ന് മന്ദിരം മൈസൂരു സർക്കാർ വിലയ്ക്കുവാങ്ങുകയും സംസ്ഥാനത്തെത്തുന്ന അതിവിശിഷ്ട വ്യക്തികൾക്കുള്ള ഔദ്യോഗിക അതിഥിമന്ദിരമാക്കി മാറ്റുകയുമായിരുന്നു. 1927-ലും 1934-ലും മഹാത്മാഗാന്ധി ഇവിടെ താമസിച്ചിട്ടുണ്ട്. 1927-ൽ അനാരോഗ്യംമൂലം വിശ്രമിക്കാനായി മൂന്നുമാസത്തോളം ഇവിടെ താമസിച്ചു.
സർ എം. വിശ്വേശ്വരയ്യ, ദലൈലാമ, ജവാഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി എന്നിവരും ഇവിടെ അതിഥികളായെത്തിയിട്ടുണ്ട്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂരിലേക്ക് പോകുന്നതിനുമുൻപ് തന്റെ അവസാനത്തെ പത്രസമ്മേളനം നടത്തിയത് കുമാരകൃപയിൽവെച്ചായിരുന്നു. പിന്നീട് ഇതിനു പിറകുവശത്ത് പുതിയ കെട്ടിടം സർക്കാർ പണികഴിപ്പിച്ചു. ഇതാണ് ഇപ്പോൾ അതിഥിമന്ദിരമായി ഉപയോഗിക്കുന്നത്.
സർക്കാർ മന്ദിരമായ കാവേരിയായിരുന്നു സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഔദ്യോഗിക വസതി. മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞെങ്കിലും സിദ്ധരാമയ്യ കാവേരിയിൽത്തന്നെ തുടരുകയാണ്. ബി.ജെ.പി.യും ജെ.ഡി.എസുമുയർത്തിയ എതിർപ്പിനെ അവഗണിച്ചാണ് കുമാരകൃപ ഗസ്റ്റ് ഹൗസ് ശിവകുമാർ ഔദ്യോഗിക വസതിയാക്കിയത്.