സാഹസിക മലകയറ്റത്തിൽ റെക്കോഡ് നേട്ടവുമായി മലയാളി വനിത

ബെംഗളൂരു : ബെംഗളൂരുവിലെ 53-കാരിയായ മലയാളി വനിതയ്ക്ക് സാഹസിക മലകയറ്റത്തിൽ (ട്രക്കിങ്ങിൽ) ദേശീയതലത്തിൽ റെക്കോഡ് നേട്ടം. നാഗാലാൻഡിലെ അതിർത്തിഗ്രാമമായ തനാമിറിൽനിന്ന് മൗണ്ട് സരമതിയുടെ ബേസ് ക്യാമ്പിലേക്ക് മഴക്കാലത്തെ ദുർഘടപാതയിലൂടെ ഒറ്റദിവസം കൊണ്ട് 13 മണിക്കൂർ ട്രക്കിങ് പൂർത്തിയാക്കി മിനി വിനോദാണ് ദേശീയ റെക്കോഡ് സൃഷ്ടിച്ചത്.
കഴിഞ്ഞമാസം നാലിനായിരുന്നു യാത്ര. നാല് സഹയാത്രികരോടൊപ്പമായിരുന്നു മലകയറ്റം. നേട്ടം എയ്‌സ് ബുക്ക് ഓഫ് റെക്കോഡിന്റെ 2027 പതിപ്പിൽ സ്ഥാനമുറപ്പിച്ചു. നാഗാലാൻഡിനുപുറത്തുനിന്നുള്ള 50 വയസ്സിനുമുകളിലുള്ള വനിതകളിൽ ഒറ്റ ശ്രമത്തിൽ തനാമിർ-സരമതി ബേസ് ക്യാമ്പ് ട്രക്കിങ് പൂർത്തിയാക്കിയതിനുള്ള റെക്കോഡാണ് അവർ സ്വന്തമാക്കിയത്.
ബല്ലാരിയിൽ ഡോണിമലയിൽ ജനിച്ചുവളർന്ന മിനി വിനോദ് പാലക്കാട്ടും വർക്കലയിലും കുടുംബവേരുകളുള്ള മലയാളിയാണ്. 31 വർഷമായി ബെംഗളൂരുവിലാണ്. എച്ച്.ആർ.മെന്ററിങ്ങാണ് ജോലി. ചെറുപ്രായത്തിൽത്തന്നെ സാഹസിക മലകയറ്റത്തിൽ ആവേശം കണ്ടെത്തിയയാളാണ്. ട്രക്കിങ്ങിലുള്ള അഭിനിവേശം യാത്രയിലെ ഏത് പ്രതിസന്ധിയെയും തരണംചെയ്യാനുള്ള കരുത്തുപകരാറുണ്ടെന്നാണ് അനുഭവമെന്ന് മിനി വിനോദ് പറഞ്ഞു. ബെംഗളൂരുവിലും സാഹസിക യാത്രകളൊന്നും ഒഴിവാക്കിയില്ല.
നാഗാലാൻഡിലെ ഉൾനാടുകളിലേക്കും സരമതി പർവതത്തിന്റെ അടിത്തട്ടിലേക്കും 10 ദിവസത്തെ ട്രക്കിങ്ങിന് അവസരം ലഭിച്ചപ്പോൾ സ്വീകരിക്കുകയായിരുന്നു. ആറു മാസക്കാലം കഠിനമായ തയ്യാറെടുപ്പുകൾ നടത്തി. കൃത്യമായ നടത്തം, വ്യായാമങ്ങൾ, യോഗ, സമീകൃത ആഹാരം എന്നിവ ഉൾപ്പെടുന്ന ചിട്ടയായ ദിനചര്യ വിട്ടുവീഴ്ചയില്ലാതെ പിന്തുടർന്നു. തുടർന്നാണ് യാത്രയ്ക്ക് തുടക്കംകുറിച്ചത്. ഭർത്താവ്: വിനോദ് ശ്രീധരൻ. മക്കൾ: പ്രണദ് കൈമൾ, ശ്രേയ. മരുമകൻ: തോമസ് എബ്രഹാം. വിദ്യാരണ്യപുരയിലെ ബി.ഇ.എൽ. ലേ ഔട്ടിലാണ് താമസം.