മൈസൂരു വിമാനത്താവള വികസനം യാഥാർഥ്യത്തിലേക്ക്

മൈസൂരു : ദീർഘനാളത്തെ കാത്തിരിപ്പിനുശേഷം മൈസൂരു വിമാനത്താവള വികസനം യാഥാർഥ്യത്തിലേക്ക്.

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്കായി 183.66 കോടി രൂപ സർക്കാർ അനുവദിച്ചു. റൺവേ വിപുലീകരണം, അധിക അടിസ്ഥാന സൗകര്യവികസനം എന്നിവക്കാണ് തുക അനുവദിച്ചത്. വലിയ വിമാനങ്ങളെ ഉൾക്കൊള്ളുന്നതിനായി റൺവേ വിപുലീകരണം ഉൾപ്പെടെ വിമാനത്താവളത്തിന്റെ വികസനത്തിന് ആവശ്യമായഭൂമി ഏറ്റെുടുക്കൽ പ്രവൃത്തി നടക്കുന്നതിനിടെയാണ് സർക്കാർ തുക അനുവദിച്ചത്. കർണാടക സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് കോർപ്പറേഷനാണ് ഭൂമി ഏറ്റെുടുക്കൽ ചുമതല.

ഭൂമി എറ്റെടുക്കുമ്പോൾ ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ തുകയുടെ ഒരുഭാഗം വിനിയോഗിക്കുമെന്ന് വിമാനത്താവള ഡയറക്ടർ പി.വി. ഉഷാകുമാരി പറഞ്ഞു. റൺവേ വികസനം, ഭൂമി ഏറ്റെടുക്കൽ, അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്കായി തുക വിനിയോഗിക്കുമെന്നും അവർ പറഞ്ഞു. നിലവിലുള്ള റൺവേ ചെറിയവിമാനങ്ങൾക്ക് മാത്രമേ അനുയോജ്യമാകൂ. വലിയ വിമാനങ്ങളെ ഉൾക്കൊള്ളുന്നതിനായി റൺവേ വിപുലീകരണം അനിവാര്യമാണ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നും വിനോദസഞ്ചാരികൾ എത്തുന്നതിനാൽ വിമാനത്താവളത്തിന്റെ വികസനവും നവീകരണവും അനിവാര്യമാനണെന്നും അവർ പറഞ്ഞു.

വിമാനത്താവള വികസനത്തിനായി മന്ദാകാലിയിലും പരിസര പ്രദേശങ്ങളിൽനിന്നുമായി ഏകദേശം 240 ഏക്കറോളം സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്.

നിലവിലുള്ള 1,740 മീറ്ററിൽനിന്ന് 2,750 മീറ്ററായാണ് ആദ്യഘട്ടത്തിൽ വികസിപ്പിക്കുന്നത്. വികസനത്തിനായി കണ്ടെത്തിയ 206.12 ഏക്കർ സ്ഥലത്ത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ.)യുടെ നേതൃത്വത്തിലാണ് സംയുക്ത സർവേയും പരിശോധനയും ആരംഭിച്ചത്. ഏറ്റെടുത്ത ഭൂമിയുടെ അതിരുകൾ പരിശോധിക്കുക, സ്ഥലത്തിന്റെ അവസ്ഥ വിലയിരുത്തുക എന്നിവയാണ് നടന്നത്.

റൺവേ വിപുലീകരണം സുഗമമാക്കുന്നതിന് മൈസൂരു-നഞ്ചൻകോട് ഹൈവേ അലൈൻമെന്റിൽ മാറ്റം വരുത്തും. ഏഴു കിലോമീറ്റർ റൂട്ട് മാറ്റാൻ പദ്ധതിയിട്ടിട്ടുണ്ട്. വിമാനത്താവള പരിസരത്ത് മൂന്നുകിലോമീറ്റർ തുരങ്കം നിർമിക്കാനും പദ്ധതിയുണ്ട്. റൺവേക്ക് താഴെയായി കടന്നുപോകുന്ന തുരങ്കഭാഗം ഉൾപ്പെടുന്ന മൂന്നു കിലോമീറ്റർ ബൈപ്പാസ് റോഡ് നിർമിക്കാനും പദ്ധതിയുണ്ട്.