ദക്ഷിണേന്ത്യാ സ്കൂൾ ശാസ്ത്രനാടകോത്സവം; മികച്ച നേട്ടവുമായി കേരളത്തിലെ സ്കൂളുകൾ

മേമുണ്ട ഹയർസെക്കൻഡറി ജേതാക്കൾ
ബെംഗളൂരു : ദക്ഷിണേന്ത്യാ സ്കൂൾ ശാസ്ത്രനാടകോത്സവത്തിൽ നേട്ടംകൊയ്ത് കേരളത്തിലെ സ്കൂളുകൾ. മികച്ച നാടകമായി കോഴിക്കോട് മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ അവതരിപ്പിച്ച ‘വണ്ടി’ എന്ന നാടകം തിരഞ്ഞെടുക്കപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളി പാവുമ്പ ഹൈസ്കൂൾ അവതരിപ്പിച്ച ‘വെൽക്കം ടു അസ്ഗാർഡിയ’ എന്ന നാടകത്തിൽ അഭിനയിച്ച എച്ച്. അമൻ ഹസീം മികച്ച നടനായി. വണ്ടിയിൽ അഭിനയിച്ച ശ്രീശൈവ് എസ്. പ്രമോദാണ് മികച്ച രണ്ടാമത്തെ നടൻ. വെൽക്കം ടു അസ്ഗാർഡിയയുടെ സംവിധായകൻ അഭിലാഷ് പറവൂർ ആണ് മികച്ച സംവിധായകൻ. വണ്ടി രചിച്ച ജിനോ ജോസഫ് മികച്ച നാടകരചയിതാവുമായി.
ദാവണഗെരെ ജോളാദൽ ഗവ. ഹൈസ്കൂൾ അവതരിപ്പിച്ച ‘ജീവാബ്ധി’യാണ് മികച്ച രണ്ടാമത്തെ നാടകം. ഈ നാടകത്തിൽ അഭിനയിച്ച ആർ. ജീവൻ മികച്ച മൂന്നാമത്തെ നടനുമായി. പുതുച്ചേരി പ്രസിഡൻസി ഹയർസെക്കൻഡറി സ്കൂൾ അവതരിപ്പിച്ച ‘എ.ഐ. ഡയറി’ മികച്ച മൂന്നാമത്തെ നാടകമായി. ഉഡുപ്പി ഗവ. ഹൈസ്കൂൾ അവതരിപ്പിച്ച ‘സീ ദ സീ’എന്ന നാടകത്തിൽ അഭിനയിച്ച തനുശ്രീയാണ് മികച്ച നടി. ലക്ഷദ്വീപിലെ പി.എം.ശ്രീ ജി.എം.ജി.എസ്.എസ്.എസ്. അവതരിപ്പിച്ച ‘ദ ഓഷ്യൻ ഈസ് ദ വിറ്റ്നസ്’ എന്ന നാടകത്തിൽ അഭിനയിച്ച ഫൗസിയ കൗസർ മികച്ച രണ്ടാമത്തെ നടിയും തെലങ്കാന നിസാമാബാദ് വിജയ് ഹൈസ്കൂൾ അവതരിപ്പിച്ച ‘സമുദ്ര ഘോഷ’ എന്ന നാടകത്തിലെ വർഷിത മികച്ച മൂന്നാമത്തെ നടിയുമായി. വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം സംഘടിപ്പിച്ച 24-ാമത് നാടകോത്സവത്തിൽ മൊത്തം 13 നാടകങ്ങളാണ് അരങ്ങിലെത്തിയത്. സമാപനസമ്മേളനം മുതിർന്ന ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എ.എസ്.കെ.വി.എസ്. ശർമ ഉദ്ഘാടനംചെയ്തു.