പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കർണാടകയിൽ

മൈസൂരുവിൽ മലയാളി വ്യവസായിയുടെ ഭാരത വനം പദ്ധതി ഉദ്ഘാടനം ചെയ്യും

മൈസൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കർണാടയിൽ. ബെംഗളൂരുവിലും മൈസൂരുവിലുമായി 15,600 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. രാവിലെ 10.45-ന് ബെംഗളൂരുവിലെ സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സംസ്ഥാൻ ആസ്ഥാനമായ പ്രശാന്തി കുടീരത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കും. പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ തറക്കല്ലിടലും നിർവഹിക്കും.ഉച്ചയ്ക്ക് 12.45-ന് ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈനിലെ കലേന അഗ്രഹാരമുതൽ താവരെക്കെരെവരെയുള്ള 7.5 കിലോമീറ്റർ പാത ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് താവരെക്കെരെ മുതൽ ഐ.ഐ.എം. ബെംഗളൂരു സ്റ്റേഷൻ വരെ അദ്ദേഹം മെട്രോയിൽ യാത്ര ചെയ്യും. തുടർന്ന് ബെംഗളൂരു-മംഗളൂരു-മഡ്ഗാവ് (ഗോവ) റൂട്ടിലുള്ള പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമം എസ്.എം.വി.ടി. സ്‌റ്റേഷനിൽ നിർവഹിക്കും.ഉച്ചയ്ക്ക് 1.15-ന് ഊർജം, റെയിൽവേ, മാലിന്യസംസ്‌കരണം തുടങ്ങിയ മേഖലകളിലായി 15,600 കോടി രൂപയിലധികം വരുന്ന വിവിധ പദ്ധതികൾ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ഇതിൽ നാല് അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും ഉൾപ്പെടും.അതിനുശേഷം രണ്ടുപദ്ധതികളുടെ ഉദ്ഘാടനത്തിനായി മൈസൂരുവിലെത്തും. കാസർകോട് സ്വദേശിയും ഗുജറാത്തിലെ മലയാളി വ്യവസായിയുമായ ആർ.കെ. നായരുടെ കെ.സി. ലേ ഔട്ട് പാർക്കിലെ രണ്ടുലക്ഷം ചെടികൾ നട്ടുപരിപാലിക്കുന്ന ഭാരത വനംപദ്ധതി ഉച്ചയ്ക്ക് 3.30-ന് ഉദ്ഘാടനം ചെയ്യും.

അഞ്ചുമണിക്ക് കോസ്‌മോസ് എജുക്കേഷൻ ആൻഡ് റിസർച്ച് പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. പരിപാടികൾക്കുശേഷം റോഡുമാർഗം മൈസൂരു വിമാനത്താവളത്തിലെത്തി അവിടെനിന്ന് വൈകുന്നേരം ആറിന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും.