ഇ-മാലിന്യങ്ങൾക്കെതിരെ ബോധവൽക്കരണവുമായി ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ

മനാമ: പരിസ്ഥിതി സുസ്ഥിരത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ ഇ-മാലിന്യത്തിനെതിരെ വിദ്യാർത്ഥികളുടെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂളിലെ 'ഇക്കോ-വാരിയേഴ്സ്' ക്യാമ്പെയ്ന്റെ ഭാഗമായിട്ടാണ് ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കേണ്ടതിന്റെയും ഉത്തരവാദിത്തമുള്ള മാലിന്യ സംസ്കരണത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന പ്രവർത്തനങ്ങൾ നടത്തിയത്.
4 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ ക്ലാസ് മുറികളും സ്റ്റാഫ് റൂമുകളും സന്ദർശിച്ച് അധ്യാപകരുമായും സഹപാഠികളുമായും സംവദിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങൾ അശാസ്ത്രീയമായി തള്ളുന്നതുകൊണ്ടുള്ള പ്രത്യാഘാതങ്ങൾ വിദ്യാർത്ഥികൾ വിശദീകരിച്ചു നൽകി.
യുനെസ്കോ അഫിലിയേഷനുള്ള സ്കൂളെന്ന നിലയിൽ പരിസ്ഥിതി വിദ്യാഭ്യാസം, സുസ്ഥിരത, ഉത്തരവാദിത്തമുള്ള ആഗോള പൗരന്മാരെ വാർത്തെടുക്കൽ എന്നിവയ്ക്ക് ഇന്ത്യൻ സ്കൂൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. മരങ്ങൾ നടീൽ, പ്ലാസ്റ്റിക് മുക്ത ക്യാമ്പെയ്ൻ, മാലിന്യ വേർതിരിക്കലും പുനരുപയോഗവും, ജല-ഊർജ്ജ സംരക്ഷണം, ശുചിത്വ പരിപാടികൾ തുടങ്ങി വിപുലമായ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളാണ് ഇക്കോ-വാരിയേഴ്സ് ഏറ്റെടുത്ത് നടത്തുന്നത്.
അധ്യാപികമാരായ ഹർഷലത അനിരുദ്ധൻ, പ്രിൻസി തുഷാർ, ദിവ്യ ഷിബിൻ ദാസ് എന്നിവർ വിദ്യാർത്ഥികൾക്ക് നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയ വിദ്യാർത്ഥികളെയും അധ്യാപകരെയും സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, മറ്റ് ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ ശാന്തകുമാർ ദസരി എന്നിവർ അഭിനന്ദിച്ചു.