ബലെക്‌സ്‌കോയില്‍ സോളാര്‍ പ്‌ളാന്റ് പദ്ധതിക്ക് തുടക്കം

മനാമ: ബഹ്‌റൈന്‍ അലുമിനിയം എക്‌സ്ട്രൂഷന്‍ കമ്പനിയില്‍ (ബലെക്‌സ്‌കോ) സൗരോര്‍ജ്ജ പദ്ധതിക്ക് തുടക്കമായി. വൈദ്യുത-ജല അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് കമാല്‍ ബിന്‍ അഹ്‌മദ് മുഹമ്മദ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങളില്‍ സൗരോര്‍ജ്ജ പദ്ധതി നടപ്പാക്കുന്നതിന് പിന്തുണ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. നവീന ഊര്‍ജ്ജ പദ്ധതികള്‍ക്ക് വലിയ പ്രോത്സാഹനമാണ് ബഹ്‌റൈന്‍ നല്‍കുന്നത്. ബദല്‍ ഊര്‍ജ്ജ പദ്ധതി നടപ്പാക്കുന്നതിന് മുന്നോട്ടു വന്ന ബലസ്‌കോ കമ്പനിക്ക് മന്ത്രി പ്രത്യേകം അഭിവാദ്യങ്ങള്‍ നേര്‍ന്നു.
2.25 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സൗരോര്‍ജ്ജ പാനലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. 2022 നവംബറില്‍ കാനൂ ക്ലീന്‍മാക്‌സുമായുള്ള പങ്കാളിത്തത്തോടെയാണ് പദ്ധതി ആരംഭിച്ചത്. 2060-ഓടെ കാര്‍ബണ്‍ ബഹിര്‍മഗമനം പൂജ്യത്തിലെത്തിക്കുന്നതിന് ഇത്തരം പദ്ധതികള്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബലെക്‌സ്‌കോയുടെ നിലവിലെ വൈദ്യുതി ആവശ്യത്തിന്റെ 30 ശതമാനം പ്ലാന്റ് നിറവേറ്റും. പ്രതിവര്‍ഷം 1,773 മെട്രിക് ടണ്‍ കാര്‍ബണ്‍ എമിഷന്‍ കുറക്കാനിതിടയാക്കുമെന്നാണ് പ്രതീക്ഷ. 21,517 ഈന്തപ്പനകള്‍ നട്ടുപിടിപ്പിക്കുന്നതിനോ 377 കാറുകള്‍ റോഡില്‍ നിന്ന് നീക്കം ചെയ്യുന്നതിനോ തുല്യമായ പാരിസ്ഥിതിക നേട്ടമാണ് പദ്ധതി വഴി ഉണ്ടാകുന്നത്.
രാജ്യത്തിന്റെയും മേഖലയുടെയും ഹരിത ഭാവി ശോഭനമാക്കുന്നതില്‍ സ്വകാര്യ മേഖലയുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് സൂചിപ്പിക്കുന്നതാണ് ഈ പദ്ധതി. മറ്റ് കമ്പനികള്‍ക്കും ഇത് മാതൃകയാണെന്നും വൈദ്യുത-ജല അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ചൂണ്ടിക്കാട്ടി.
ബലെക്‌സ്‌കോയില്‍ സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം വൈദ്യുത-ജല അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് കമാല്‍ ബിന്‍ അഹ്‌മദ് മുഹമ്മദ് നിര്‍വഹിക്കുന്നു
Content Highlights: Balexco launches 2.25MW rooftop solar power plant