സൈബർകാലത്തെ ഒളിനോട്ടങ്ങൾ

സാമൂഹികമാധ്യമങ്ങളിൽ വീഡിയോയും മറ്റ് ഉള്ളടക്കങ്ങളുംസൃഷ്ടിച്ച് വരുമാനമുണ്ടാക്കാൻശ്രമിക്കുന്നവർ ഔചിത്യത്തിന്റെ സകലസീമകളും ലംഘിക്കുന്നത് ഇന്നത്തെ നിത്യജീവിതക്കാഴ്ചയാണ്. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തുമൊക്കെ നുഴഞ്ഞുകയറി ഇത്തരക്കാർ ചിത്രീകരണം നടത്തുമ്പോൾ പലപ്പോഴും വ്യക്തികളുടെ അന്തസ്സ് ലംഘിക്കപ്പെടുന്നതായാണു കാണുന്നത്. പൊതുപരിപാടികൾക്കിടെവരെ സ്ത്രീകളുടെ, വിശിഷ്യാ പ്രമുഖരായ സ്ത്രീകളുടെ, ശരീരഭാഗങ്ങളുടെ വീഡിയോ ചിത്രീകരിച്ച് യുറ്റ്യൂബുപോലുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സാമ്പത്തികനേട്ടമുണ്ടാക്കാനുള്ള ശ്രമമുണ്ട്. ചിലർക്ക് അത് രോഗസമാനമായ മനോവൈകല്യവുമായിരിക്കാം. പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെ സ്ത്രീകൾ ഇത്തരം അതിക്രമത്തിന് ഇരയാകുകയും ചിലരൊക്കെ അത് വെളിപ്പെടുത്തുകയും പോലീസിൽ പരാതിപ്പെടുകയുമൊക്കെചെയ്തിട്ടുണ്ട്. എന്നിട്ടും അനാരോഗ്യകരമായ ഈ പ്രവണതയ്ക്ക് അല്പംപോലും അയവുവന്നിട്ടില്ല. സംസ്ഥാനത്തെ ഒരു മന്ത്രിക്കുതന്നെ ഇത്തരമൊരു അനുഭവത്തിന്റെ തുറന്നുപറച്ചിൽ നടത്തേണ്ടിവരുന്ന അവസ്ഥയിലേക്കാണു കാര്യങ്ങൾ എത്തിയിരിക്കുന്നത്. കൊല്ലത്തെ ഒരു ചടങ്ങിനിടെ ഒരാൾ തന്റെ ശരീരംമാത്രം മൊബൈൽക്യാമറയിൽ പകർത്തി സാമൂഹികമാധ്യമത്തിൽ പോസ്റ്റുചെയ്‌തെന്നാണ് മന്ത്രി ബിന്ദുകൃഷ്ണ കഴിഞ്ഞദിവസം പറഞ്ഞത്. മന്ത്രിയായ തന്നോട് ഇങ്ങനെ ചെയ്യാമെങ്കിൽ സാധാരണസ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്നും അവർ ചോദിച്ചു. കൊല്ലത്ത് സ്‌കൂൾചടങ്ങിനിടെ ഇങ്ങനെ ദൃശ്യംപകർത്തിയത് ഒരു അധ്യാപകനാണെന്ന സൂചനയും മന്ത്രിയുടെ വാക്കുകളിലുണ്ട്. ‘’ഇങ്ങനെയൊക്കെ ചെയ്യുന്നയാൾ സ്കൂളിലെ കുട്ടികളോടും സഹാധ്യാപകരോടുമൊക്കെ എങ്ങനെയാകും പെരുമാറുന്നുണ്ടാകുക’’ എന്നാണു മന്ത്രി ചോദിച്ചത്. ശോചനീയമായ സാഹചര്യമാണിത്.
ഇക്കഴിഞ്ഞ ആറ്റുകാൽ പൊങ്കാലയ്ക്കിടെ ശരീരഭാഗങ്ങൾ കാണുന്നരീതിയിൽ തന്റെ വീഡിയോ ചിത്രീകരിച്ച് പോസ്റ്റുചെയ്തതിനെതിരേ ചലച്ചിത്രനടിക്ക് പോലീസിനെ സമീപിക്കേണ്ടിവരുകയുണ്ടായി. സൈബറിടത്ത് തന്നെ വ്യാപകമായി ആക്ഷേപിക്കുന്നതിനെതിരേ പേരാമ്പ്ര എം.എൽ.എ. ഫാത്തിമ തഹിലിയ ഈയിടെ നിയമസഭയിൽ വികാരാധീനയായതും നമുക്കറിയാം. ഉമാ തോമസ്, കെ.കെ. രമ തുടങ്ങിയ സാമാജികരും അടുത്തകാലത്ത് കടുത്ത സൈബറാക്രമണത്തിനു വിധേയരായവരാണ്. സർവാദരണീയയായ എം. ലീലാവതിപോലും സൈബർ ബുള്ളിയിങ്ങിന് ഇരയാകുന്ന സാഹചര്യമുണ്ടായി. ഏതാനുംവർഷംമുൻപ്, സ്ത്രീകളെക്കുറിച്ച് ആക്ഷേപകരമായി സംസാരിച്ച് വീഡിയോ പോസ്റ്റുചെയ്ത വ്യക്തിയെ തിരുവനന്തപുരത്ത് ചലച്ചിത്രപ്രവർത്തക ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ വീട്ടിൽച്ചെന്ന് ചോദ്യംചെയ്തത് നാമൊക്കെ ഓർക്കുന്നുണ്ടാകും. സഹികെട്ട സ്ത്രീസമൂഹത്തിന്റെ പൊടുന്നനെയുള്ളൊരു പ്രതികരണമായിരുന്നു അത്. പക്ഷേ, അതിനുശേഷവും കാര്യങ്ങൾ കൂടുതൽ വഷളായിട്ടേയുള്ളൂ എന്നത് സമൂഹത്തിന്റെ പോക്കിനെക്കുറിച്ച് വലിയ സംശയങ്ങൾ ജനിപ്പിക്കുന്നു. വീടിന്റെയുംമറ്റും സുരക്ഷിതത്വത്തിലിരുന്ന് സ്ത്രീകൾക്കെതിരേ സൈബറാക്രമണം നടത്തുന്നവരെ കണ്ടെത്തുക ഇപ്പോഴും അത്ര എളുപ്പമൊന്നുമല്ല. പിടികൂടിയാൽത്തന്നെ ഇത്തരക്കാർക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിച്ചുനൽകുന്നതിൽ പോലീസിന് നിയമപരമായ പരിമിതികളുണ്ട്.
സാമൂഹികമാധ്യമങ്ങളിലൂടെ അശ്ലീലവാഗ്‌ധോരണി നടത്തുന്നവർക്കുംമറ്റും പൊതുസമൂഹത്തിൽ സമീപകാലത്തു ലഭിക്കുന്ന വമ്പിച്ച സമ്മതിയും ആശങ്കയുണർത്തുന്നതാണ്. സമൂഹത്തിന്റെ വികലമായ ആസ്വാദനബോധത്തെ തൃപ്തിപ്പെടുത്താൻ ഭയാനകമായ ടെലിവിഷൻ റിയാലിറ്റി ഷോ ചിത്രീകരിക്കുന്നതിന്റെ കഥപറയുന്ന 2007-ലെ ഹോളിവുഡ് ചലച്ചിത്രം 'ഡൂംഡ്' ഓർമ്മയിലെത്തുകയാണ്.
ആധുനികമായ മൂല്യങ്ങൾ പരിലസിക്കുന്നൊരു സമൂഹത്തിൽ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതൊന്നും നടക്കാൻപാടില്ലാത്തതാണ്. പൊതുവിടങ്ങളിൽ സ്ത്രീകളുടെനേർക്ക് അനുചിതമായി ക്യാമറ ചലിപ്പിക്കുകയും അത് സൈബറിടത്ത് പ്രചരിപ്പിക്കുകയുംചെയ്യുന്നവരെ നിലയ്ക്കുനിർത്തണം. സാമൂഹികമാധ്യമങ്ങളിൽ സ്ത്രീകളെയും സ്ത്രീസമൂഹത്തെയും അധിക്ഷേപിക്കുന്നതിനെ സൈബർതെമ്മാടിത്തമെന്നു വിശേഷിപ്പിക്കേണ്ടിവരും. അതു തടയാൻ നിലവിലെ നിയമങ്ങൾ അപര്യാപ്തമെങ്കിൽ പുതിയവ ഉണ്ടാക്കണം; മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെടാതെനോക്കണമെന്നുമാത്രം.