കലാലയരാഷ്ട്രീയത്തെ ആർക്കാണു പേടി

കോളേജുകളിലും സർവകലാശാലാ പഠന വിഭാഗങ്ങളിലും വിദ്യാർഥികൾ ഒരു തരത്തിലുമുള്ള രാഷ്ട്രീയ പ്രവർത്തനത്തിലും ഏർപ്പെടരുതെന്ന് കേരള സർവകലാശാല സിൻഡിക്കേറ്റ് തയ്യാറാക്കിയ കരടുമാർഗരേഖയിൽ നിർദേശിച്ചിരിക്കുന്നു. അങ്ങനെയുണ്ടായാൽ അതിലുൾപ്പെട്ട വിദ്യാർഥികളും അവർ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയപ്പാർട്ടിയും പിഴ നൽകണം. കലാലയങ്ങളിൽ സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനുള്ള നടപടി അറിയിക്കാൻ നേരത്തേ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അതിന്റെ മറവിലാണ് കേരള സർവകലാശാല ഇത്തരമൊരു കരടുമാർഗരേഖ പുറത്തിറക്കിയത്. ഇത് ഔദ്യോഗികരേഖയല്ലെന്ന് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ പറയുന്നുണ്ടെങ്കിലും ഇത്തരമൊരു അരാഷ്ട്രീയനിർദേശത്തിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കേണ്ടിയിരിക്കുന്നു.കലാലയങ്ങൾ കേവലം ബിരുദംനൽകുന്ന കെട്ടിടങ്ങളാണെന്ന ചിന്തയിൽ നിന്നാണ് ഇത്തരം പിന്തിരിപ്പൻ നിർദേശങ്ങൾ പിറക്കുന്നത്. സാമൂഹിക-രാഷ്ട്രീയ നീതി ബോധമുള്ള ഒരു തല മുറ രൂപപ്പെട്ടു വരുന്ന കളരികളാണ് കലാലയങ്ങൾ. അവിടെ സമാധാനവും അച്ചടക്കവും ഉറപ്പുവരുത്താൻ രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങൾ നിരോധിക്കുന്നത് എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതിന് സമാനമാണ്. തലവേദനയ്ക്ക് തല വെട്ടിമാറ്റലല്ല, വേദനയും അതിന്റെ കാരണവും മാറ്റലാണ് ചികിത്സ. അതിന് നിരോധനങ്ങൾ ഒരു എളുപ്പവഴിയാവരുത്.

രാഷ്ട്രീയ ബോധമില്ലാതെ വളരുന്ന ഒരു തലമുറ രാഷ്ട്രത്തിന് വലിയബാധ്യതയാവും. അതുകൊണ്ടുതന്നെ കാമ്പസുകൾ അരാഷ്ട്രീയമാവാൻ അനുവദിച്ചുകൂടാ. ചോദ്യംചെയ്യാനും വിമർശിക്കാനും ശേഷിയുള്ള ഒരു തലമുറയില്ലാതാവുന്നത് ജനാധിപത്യത്തിന്റെ അന്തസ്സത്തയെ തകർക്കും. രാഷ്ട്രീയ ചിന്തകളൊഴിഞ്ഞ കാമ്പസുകളിലേക്ക് കുടിലമായ ജാതി-മത-വിഭാഗീയ ചിന്തകൾ കുടിയേറും. വിദ്യാർഥികളുടെ സംഘടിത ശക്തിയില്ലാതാവുന്നതോടെ ക്രിമിനൽസംഘങ്ങളും ലഹരിമാഫിയകളും പിടിമുറുക്കും. മാത്രമല്ല, അധികാരി വർഗത്തിന്റെ തീട്ടൂരങ്ങളനുസരിക്കുന്ന അടിമകളായി വിദ്യാർഥികൾ മാറും. ഇന്ന് വിദ്യാർഥിസമൂഹം അനുഭവിക്കുന്ന പല അവകാശങ്ങളും ആനുകൂല്യങ്ങളുമൊന്നും ആരും തളികയിൽവെച്ച് നൽകിയതല്ല. ശക്തമായ സമരങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും അവർ നേടിയെടുത്തതാണ്. അവകാശങ്ങൾ നേടിയെടുക്കാനുള്ള സംഘടിതശക്തി നഷ്ടപ്പെടുമ്പോൾ സർക്കാരിന്റെയും മാനേജ്‌മെന്റുകളുടെയും അധികാര ദുർവിനിയോഗമായിരിക്കും ഫലം.

രാഷ്ട്രീയം വിലക്കപ്പെട്ട കാമ്പസുകളിൽ നിന്ന് ശാന്തി മന്ത്രങ്ങൾ ഉയർന്നതിന് എവിടെയും തെളിവുകളില്ല. തന്നെയല്ല, നമ്മുടെ അയൽരാജ്യങ്ങളിൽത്തന്നെ അത്തരം തീരുമാനങ്ങൾ തിരിച്ചടിച്ചതിന്റെ ഉദാഹരണങ്ങളുമുണ്ട്. ബംഗ്ലാദേശിൽ 2019-ൽ എൻജിനിയറിങ് സർവകലാശാലയിലെ അക്രമങ്ങളെത്തുടർന്നും പാകിസ്താനിൽ 1984-ൽ സിയ ഉൾഹഖിന്റെ ഭരണകാലത്തും കലാലയരാഷ്ട്രീയം നിരോധിച്ചിരുന്നു. അതിന്റെ ഫലം കാമ്പസുകളിൽ മതമൗലികവാദവും ആയുധ സംസ്കാരവും പിടിമുറുക്കിയെന്നതാണ്. ഇന്ത്യയിലും കേരളത്തിലും കലാലയരാഷ്ട്രീയത്തിൽ നിന്നുയർന്നുവന്നവർ നാടിന് മുതൽക്കൂട്ടായതിനും നായകരായതിനും എത്രയോ ഉദാഹരണങ്ങളുണ്ട്. അതുകൊണ്ട് കാമ്പസുകളെ രാഷ്ട്രീയമുക്തമാക്കുക എന്നത് ബുദ്ധിശൂന്യതയാണ്. പകരം യൂറോപ്യൻ രാജ്യങ്ങളിലെപ്പോലെ അതിന് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും മാതൃകാപരമായ ചട്ടക്കൂടുകൾക്കുള്ളിലാക്കി നിയന്ത്രിക്കുകയുമാണ് വേണ്ടത്.

രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെ തടയാൻ സുപ്രീംകോടതി അംഗീകരിച്ച ലിങ്‌ദോ കമ്മിറ്റി മുന്നോട്ടുവെച്ച നിർദേശങ്ങൾ കർശനമായി നടപ്പാക്കണം. ഇക്കാര്യത്തിൽ കാലിക്കറ്റ് സർവകലാശാലയെടുത്ത നിലപാട് പ്രശംസനീയമാണ്. ലിങ്‌ദോ കമ്മിറ്റി നിർദേശപ്രകാരമുള്ള ഒട്ടേറെ നിർദേശങ്ങൾ ഉൾപ്പെടുത്തി അവർ തിരഞ്ഞെടുപ്പു നിയമാവലി പരിഷ്കരിച്ചിട്ടുണ്ട്. പുറമേ നിന്നുള്ള രാഷ്ട്രീയ ഇടപെടൽ തടയൽ, മത്സരിക്കാനുള്ള പ്രായപരിധി 25 ആക്കൽ, പ്രചാരണച്ചെലവുകൾ നിയന്ത്രിക്കൽ, സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കൽ, ഹാജർനില കർശനമാക്കൽ തുടങ്ങി ഒട്ടേറെ പ്രായോഗികമായ പരിഹാരങ്ങൾ അതിലുണ്ട്. കൗമാരത്തിന്റെ ഊർജപ്രവാഹത്തെ തടയുകയല്ല, അതുപയോഗിച്ച് കലാലയങ്ങളെ കൂടുതൽ സർഗാത്മകവും സംവാദാത്മകവുമാക്കി മാറ്റുകയാണ് വേണ്ടത്.