നാട്ടിലാണ് കരിമ്പുലി, കടുവ, കാട്ടാന

ഭീതി ഒഴിയാതെ കലഞ്ഞൂരിലെ നാല് വാർഡുകൾ

കലഞ്ഞൂർ : പുലിയും കരിമ്പുലിയും കാട്ടാനക്കൂട്ടവും കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിലെ നാല് വാർഡുകളിൽ പതിവായിട്ടും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികൾ പ്രഖ്യാപനങ്ങളിലും വാഗ്ദാനങ്ങളിലും ഒതുങ്ങുന്നു. അധികൃതരുടെ സന്ദർശനങ്ങളും ചർച്ചകളും നടക്കുമ്പോഴും ഭീതി അകറ്റാൻ ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കുളത്തുമണ്ണിലും പോത്തുപാറയിലും കാട്ടാനക്കൂട്ടത്തിന്റെ ശല്യമാണ്. രാപ്പകലില്ലാതെ എത്തുന്ന കാട്ടാനകൾ വീടുകൾക്ക് സമീപവും കൃഷിയിടങ്ങളിലും നിലയുറപ്പിക്കുന്നത് പതിവായി. ഒന്നര വർഷത്തിലേറെയായി തുടരുന്ന കാട്ടാനശല്യത്തിൽ കാർഷിക വിളകൾ വ്യാപകമായി നശിച്ചു. കൃഷിയിടങ്ങളിലേക്ക് പോകുന്നതിനും രാത്രിയിൽ വീടിന് പുറത്തിറങ്ങുന്നതിനും പോലും ഭയപ്പെടുന്ന സാഹചര്യത്തിലാണ് പ്രദേശവാസികൾ.പുലിയുടെയും കരിമ്പുലിയുടെയും സാന്നിധ്യവും പ്രദേശത്ത് ആശങ്ക വർധിപ്പിക്കുന്നു. വളർത്തുമൃഗങ്ങളെ വന്യമൃഗങ്ങൾ കടിച്ചുകൊല്ലുന്ന സംഭവങ്ങൾ തുടരുകയാണ്. കഴിഞ്ഞ ഒന്നരവർഷത്തിനിടെ ജനവാസമേഖലയിൽനിന്ന് മൂന്ന് പുലികളെ വനപാലകർ കൂടുവെച്ച് പിടികൂടിയിരുന്നു. എന്നിട്ടും വന്യമൃഗങ്ങളുടെ സാന്നിധ്യത്തിന് കുറവുണ്ടായിട്ടില്ല.

ടാപ്പിങ്‌ തൊഴിലാളികൾക്ക് സമീപം കരിമ്പുലി

കഴിഞ്ഞദിവസമാണ് എലിക്കോടും മാങ്കോട് തിടിയിലും ടാപ്പിങ്‌ തൊഴിലാളികൾക്ക് സമീപം കരിമ്പുലിയെ കണ്ടത്. തൊഴിലാളികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ജനവാസമേഖലകളിലെ തൊഴിലിടങ്ങളിൽപ്പോലും വന്യമൃഗങ്ങളുടെ സാന്നിധ്യം ഉണ്ടാകുന്നത് തൊഴിലാളികളുടെ സുരക്ഷയെ ബാധിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

കാട്ടാനകളെ ജനവാസമേഖലയിൽനിന്ന് അകറ്റാൻ രണ്ടുവർഷം മുമ്പ് വനംവകുപ്പ് മന്ത്രി പൂമരുതിക്കുഴിയിൽ ഉദ്ഘാടനം ചെയ്ത തൂക്കുവേലി പദ്ധതിയാണ് ഇനിയും നടപ്പാകാത്തത്. പദ്ധതി ഉദ്ഘാടനം ചെയ്‌തെങ്കിലും വേലി നിർമാണം ആരംഭിച്ചിട്ടില്ല. ടെൻഡർ ക്ഷണിച്ചെങ്കിലും ഏറ്റെടുക്കാൻ ആളില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ടെൻഡർ നടപടി പൂർത്തിയാക്കാൻ ഇടപെടുമെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ.യും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, പദ്ധതി ഇനിയും യാഥാർഥ്യമായിട്ടില്ല.

താത്‌കാലിക സൗരോർജവേലിയും ഫലപ്രദമായില്ല

വന്യമൃഗശല്യത്തിനെതിരേ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് കുളത്തുമണ്ണിൽ താത്‌കാലിക പ്രതിരോധ വേലി സ്ഥാപിക്കാൻ നടപടി സ്വീകരിച്ചത്. ഹാരിസൺ മലയാളം പ്ലാന്റേഷൻ ഭാഗത്തുനിന്ന് കമ്പകത്തുംപച്ച സ്വാമിപ്പാലം വരെയാണ് താത്‌കാലിക വേലി ലക്ഷ്യമിട്ടത്.

അടൂർ ആർ.ഡി.ഒ. ബിനുരാജിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കുശേഷമാണ് നടപടി ആരംഭിച്ചത്. തുടർന്ന് കുളത്തുമണ്ണിലെ ചിലഭാഗങ്ങളിൽ സൗരോർജവേലിയും സ്ഥാപിച്ചു. എന്നാൽ, വേലിയുടെ ഭാഗങ്ങൾ കാട്ടാനക്കൂട്ടം നശിപ്പിച്ചതോടെ താത്‌കാലിക സംവിധാനത്തിന്റെ പരിമിതിയും വ്യക്തമായി.

20 കിലോമീറ്റർ ട്രഞ്ച് പദ്ധതി മാത്രം മുന്നോട്ട്

കാട്ടാനകളുടെ പ്രവേശനം തടയാൻ കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് 20 കിലോമീറ്റർ ദൂരത്തിൽ ട്രഞ്ച് നിർമിക്കാനുള്ള പദ്ധതി ഗ്രാമപ്പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു. ആറുമുതൽ ഒൻപതുവരെയുള്ള വാർഡുകളിലെ വനാതിർത്തി പ്രദേശങ്ങളിലാണ് ട്രഞ്ച് നിർമാണം ലക്ഷ്യമിട്ടത്. വി.ബി.ജി. റാംജി പദ്ധതിയുമായി ബന്ധപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ശ്രമം.

ആദ്യഘട്ടത്തിൽ 2.40 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേഷ് പറഞ്ഞു.250 മീറ്റർ ട്രഞ്ച് നിർമ്മാണത്തിന് മൂന്നുലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതനുസരിച്ചാണ് ഇപ്പോൾ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളതും. തൊഴിലുറപ്പിൽ ചെയ്യാൻ പാറ്റാത്ത ഇടങ്ങളിൽ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചും പദ്ധതി നടപ്പാക്കും. രണ്ട് മീറ്റർ താഴ്ചയിലും രണ്ട് മീറ്റർ വീതിയിലുമാണ് ട്രഞ്ച് നിർമാണം ലക്ഷ്യമിടുന്നത്. ഇത് നിർമിച്ച് കഴിഞ്ഞാൽ ജനവാസമേഖലയിലേക്ക് കാട്ടാന ഉൾപ്പടെയുള്ളവ കടന്നുവരുന്നത് നിയന്ത്രിക്കാൻ കഴിയും എന്നും എസ്. രാജേഷ് അറിയിച്ചു.

സന്ദർശനങ്ങൾക്കപ്പുറം നടപടി ഉണ്ടാകണം.

വന്യമൃഗശല്യം ഉണ്ടാകുമ്പോൾ അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും അടിയന്തര നടപടികൾ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പിന്നീട് തുടർനടപടി വൈകുന്നതാണ് പ്രശ്‌നമാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി. അതിനാൽ പ്രഖ്യാപനങ്ങൾക്കും സന്ദർശനങ്ങൾക്കും പകരം വന്യമൃഗങ്ങളുടെ പ്രവേശനം തടയുന്നതിനുള്ള സ്ഥിരം സംവിധാനങ്ങൾ സമയബന്ധിതമായി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന് വനംവകുപ്പും തദ്ദേശസ്ഥാപനങ്ങളും ഏകോപിതമായി നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു. അടുത്തസമയത്ത് നിയമസഭ പരിസ്ഥിതി കമ്മിറ്റിയും പ്രദേശത്ത് സന്ദർശനം നടത്തിയിരുന്നു. ഇവിടെ എത്തി ജനപ്രതിനിധികളും നാട്ടുകാരുമായി സംസാരിച്ചതിനുശേഷം അടിയന്തരനടപടി വേഗത്തിൽ എടുക്കാം എന്ന വാഗ്ദാനം മാത്രം നൽകിയാണ് ഇവർ പോയത്.

ഡി.എഫ്.ഒ.യുമില്ല റേഞ്ച് ഓഫീസർക്ക് വാഹനവും ഇല്ല

ജനവാസമേഖലകളിലെ വന്യമ്യഗശല്യത്തിനെതിരേ നടപടികൾക്ക് നേത്യത്വം നൽകേണ്ടത് കോന്നി ഡി.എഫ്.ഒ.യാണ്. നിലവിലുള്ള ഡി.എഫ്.ഒ. സ്ഥലംമാറി പോയതിനുശേഷം പുതിയ ആളെ നിയമിച്ചിട്ടുമില്ല. ഇതിനൊപ്പം പാടം ഫോറസ്റ്റ് ഓഫീസിന്റെ ഉൾപ്പടെ ചാർജ്ജുള്ളത് നടുവത്തുമുഴി റേഞ്ച് ഒാഫീസർക്കാണ്.റേഞ്ച് ഓഫീസർക്ക് ഒരുവർഷത്തിലധികമായി വാഹനം ഇല്ലാതായിട്ട്.

നിലവിൽ ഉപയോഗിച്ചുകൊണ്ടിരുന്ന വാഹനം ശരിയാക്കാൻ സാധിക്കാത്ത വിധത്തിൽ കേടുവന്നതോടൊണ് ഇവിടെ വാഹനം ഇല്ലാതായത്. ഇത് കാരണം അടിയന്തര ആവശ്യങ്ങൾക്കുപോലും പെട്ടെന്നെത്താൻ സാധിക്കാത്ത അവസ്ഥയാണ്.

ഭയമില്ലാതെ ജീവിക്കാൻ കഴിയണം

വനാതിർത്തിയിൽനിന്ന് അകലെ ജീവിക്കുന്നവരായിട്ടും ഇപ്പോഴും വന്യമ്യഗങ്ങളുടെ ഭീഷണിയിൽ ഭയന്നാണ് കഴിയുന്നത്. ഇതുവളരെ വേഗത്തിൽ പരിഹരിച്ച് സ്വസ്ഥമായി ജീവിക്കുന്നതിനുള്ള അവസരം ഒരുക്കണം. കാട്ടുമ്യഗങ്ങൾ നശിപ്പിച്ച കാർഷികവിളകൾക്ക് അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കുകയും വേണമെന്ന് കുളത്തുമൺ വാർഡംഗം, ജിജ പുഷ്പൻ പറഞ്ഞു.