അനധികൃത പാർക്കിങ്: കുരുക്കഴിയാതെ റാന്നി താലൂക്കാശുപത്രി റോഡ്

റാന്നി : റാന്നി ടൗണിലെ പെരുമ്പുഴ ബസ്‌സ്റ്റാൻഡിൽനിന്ന്‌ കഷ്ടിച്ച് 300 മീറ്റർ ദൂരം മാത്രമാണ് താലൂക്കാശുപത്രിയിലേക്കുള്ളത്. എന്നാൽ ഇത്രയും ദൂരം കടന്നെത്താൻ ആംബുലൻസിനുപോലും ചിലപ്പോൾ കാൽ മണിക്കൂറെങ്കിലും വേണ്ടിവരും. വീതികുറഞ്ഞ റോഡിലെ അനധികൃത പാർക്കിങ്ങാണ് കാരണം. താലൂക്ക് വികസനസമിതി യോഗത്തിലടക്കം ചർച്ച ചെയ്യപ്പെട്ടതാണെങ്കിലും ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല.

പെരുമ്പുഴ ബസ്‌സ്റ്റാൻഡിന്റെ വശത്തുകൂടിയാണ് താലൂക്ക് ആശുപത്രിയിലേക്കും മുണ്ടപ്പുഴയിലേക്കും പോകുന്ന റോഡ് കടന്നുപോകുന്നത്. സ്റ്റാൻഡ്‌ കഴിഞ്ഞാൽ പിന്നെ റോഡിന് വീതി കുറവാണ്. രണ്ട് ചെറിയ വാഹനങ്ങൾ എതിർദിശയിൽ എത്തിയാൽപോലും കഷ്ടിച്ചുപോകാനുള്ള വീതിയാണുള്ളത്. ഈ ഭാഗത്തുള്ള അനധികൃത പാർക്കിങ്ങാണ് ഇതുവഴി എത്തുന്ന വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുന്നത്. ചില സമയങ്ങളിൽ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. ഈ അവസരത്തിൽ വലിയ ആംബുലൻസെത്തിയാൽ പോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. ചിലപ്പോൾ കുരുക്ക് കാരണം വാഹനങ്ങളുടെ നിര സംസ്ഥാനപാതവരെ നീളുന്നു. ബസ് സ്റ്റാൻഡിലേക്ക് ബസുകൾക്ക് കടക്കാനാകാത്ത സ്ഥിതി ഉണ്ടായാൽ സംസ്ഥാനപാതയിലും ഗതാഗതതടസ്സം ഉണ്ടാകുന്നു. ഇതിന് തൊട്ടടുത്ത് പണമടച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യമുണ്ടെങ്കിലും പലരും റോഡരികിലേ പാർക്ക് ചെയ്യാറുള്ളൂ. ഈ ഭാഗത്തെ കടകളിൽ എത്തുന്നവരും സമീപ കെട്ടിടങ്ങളിലെ ഡോക്ടർമാരെ കാണുന്നതിന് എത്തുന്നവരുടെയും ഒക്കെ വാഹനങ്ങൾ ഇതിൽപെടുന്നു. മുണ്ടപ്പുഴ റോഡിലും രാമപുരം ക്ഷേത്ര കവാടം വരെ വീതികുറഞ്ഞ റോഡിനിരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്.

രോഗികളുമായെത്തുന്ന ആംബുലൻസുകൾ കുരുക്കിൽപെട്ട നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ വിഷയം താലൂക്ക് വികസന സമിതിയിൽ ചർച്ച ചെയ്യുമ്പോൾ നടപടി സ്വീകരിക്കണമെന്ന് പോലീസിനെയും മോട്ടോർവാഹന വകുപ്പിനെയും ചുമതലപ്പെടുത്തും. രണ്ട് ദിവസം അവരെത്തി അനധികൃത പാർക്കിങ് വാഹനങ്ങൾക്ക് താക്കീത് നൽകുകയോ, പിഴ ഈടാക്കുകയോ ചെയ്യും. രണ്ട് ദിവസം കഴിയുമ്പോൾ എല്ലാം പഴയ നിലയിലാകും.