വളർത്തിയെടുക്കാൻ പദ്ധതിയിട്ടു; വരളാൻ വരട്ടാറിന് വിധി

തിരുവല്ല: വരട്ടാർ വീണ്ടും വരളുന്നു. അടിത്തട്ടിലെ ചെളിക്കൊപ്പമാണ് പലയിടത്തും ജലനിരപ്പ്. പായൽമൂടാത്ത ഭാഗങ്ങളിൽ ചുവന്നനിറത്തിലാണ് ജലം. കുറ്റൂർ മേഖലയിൽ നൂറുകണക്കിന് കുടുംബങ്ങളുടെ കിണറുകളിൽ ജലത്തിന്റെ മാറ്റം പ്രതിഫലിച്ചിട്ടുണ്ട്. പായലും പോളയും കളസസ്യങ്ങളും നിറഞ്ഞ ഈ ഭാഗങ്ങളിൽ മാലിന്യവും കൂടിക്കിടക്കുന്നു. സംസ്ഥാനത്തെ നദീപുനരുജ്ജീവനത്തിന്റെ മാതൃകയായി അവതരിപ്പിക്കപ്പെട്ട വരട്ടാറാണ് വരൾച്ചയെ നേരിടുന്നത്. മണലൂറ്റ് നടത്തിയതൊഴിച്ചാൽ നദിയെ തിരികെപ്പിടിക്കാൻ നടത്തിയ നീക്കങ്ങൾ വിജയിച്ചില്ല. മണൽ ഊറ്റി വരട്ടാറിന്റെയും ആദിപമ്പയുടെയും തീരം വ്യാപകമായി നശിപ്പിക്കപ്പെട്ടു. തീരത്തുള്ള നൂറോളം വൃക്ഷങ്ങൾ വെട്ടിനീക്കി. മൂന്നിടങ്ങളിലായി തടയണകെട്ടി മണൽ അരിച്ച് ചെളി നദിയിൽ ഉപേക്ഷിച്ചതോടെ നദിയിൽ വീണ്ടും പഴയതുപോലെ മൺപുറ്റുകൾ നിറഞ്ഞ് അതിൽ കാടുകൾ വളർന്നു കരയായി മാറി.
പമ്പാ നദിയെയും മണിമലയാറിനെയും ബന്ധിപ്പിക്കുന്ന നീരൊഴുക്കാണ് വരട്ടാർ. പമ്പയിൽ ആറാട്ടുപുഴ വഞ്ഞിപ്പോട്ടിൽ കടവിൽനിന്ന് തുടക്കം. പുതുക്കുളങ്ങരയിൽവെച്ച് ആദിപമ്പയുടെ കൈവഴിയായി വരട്ടാർ തുടങ്ങും.
ആലപ്പുഴ ജില്ലയിലെ ഇരമല്ലിക്കരയിൽവെച്ച് മണിമലയാറ്റിൽ ചേരും. 13.5 കിലോമീറ്ററാണ് ആകെ ദൈർഘ്യം. ചെങ്ങന്നൂർ, ആറന്മുള, തിരുവല്ല നിയോജകമണ്ഡലങ്ങളിലൂടെയാണ് നദി ഒഴുകുന്നത്. ചെളിയടിഞ്ഞും കാടുവളർന്നും ഒഴുക്കുനിലച്ച ആറിനെ ജലസമൃദ്ധമാക്കുന്നതിന് ഹരിതകേരള മിഷൻ വമ്പൻ കാംപെയ്‌ൻ നടത്തിയാണ് പദ്ധതിയുമായി എത്തിയത്. തുടക്കംമുതൽ ഒടുക്കംവരെ സുഗമമായ ഒഴുക്ക്, ചപ്പാത്തുകൾ പൊളിച്ച് പാലങ്ങൾ പണിയും, ആഴംകൂട്ടും തുടങ്ങിയ പ്രഖ്യാപനങ്ങളുമായാണ് 10 വർഷം മുമ്പ് പദ്ധതി തുടങ്ങിയത്. മൂന്നിടങ്ങളിൽ ചപ്പാത്തിന് പകരം പാലംപണിതു. എന്നാൽ ഉയരക്കുറവ് പ്രശ്‌നമായി. ആദിപമ്പയിലും വരട്ടാറിന്റെ തുടക്കഭാഗമായ പുതുക്കുളങ്ങരയിലുംമാത്രം ആഴംകൂട്ടുന്ന പണികൾ നടത്തി. ആഴംകൂട്ടിയ ഭാഗങ്ങളിൽ മണലൂറ്റ് മാത്രം നടന്നു. മാതൃകാ നദീസംരക്ഷണപദ്ധതിയെ എങ്ങനെ വിജയിപ്പിച്ചെടുക്കാമെന്ന ചിന്ത അധികൃതർക്കാർക്കും ഇല്ലാതെപോയി. എം.സി. റോഡിലെ വരട്ടാർ പാലത്തിന് ഇരുവശത്തും കക്കൂസ് മാലിന്യം അടക്കം നദിയിലേക്ക് തള്ളുന്നുണ്ട്. തെക്കേക്കരയിൽ തിരുവൻവണ്ടൂർ പഞ്ചായത്ത് മുമ്പ് നിരീക്ഷണക്യാമറകൾ വെച്ചിരുന്നു. ഇപ്പോൾ അതുമില്ല.
കൈയേറ്റം ഒഴിപ്പിക്കാൻ നോട്ടീസ് കൊടുത്തില്ല
നിയമസഭാ പരിസ്ഥിതിസമിതി ഒരുമാസംമുമ്പ് വരട്ടാർ സന്ദർശിച്ചിരുന്നു. നദിയിലെ കൈയേറ്റം ഒഴിപ്പിക്കാൻ ഒരുനടപടിയും ഉണ്ടാകുന്നില്ലെന്ന് ജനപ്രതിനിധികളടക്കം സമിതിക്ക് മുമ്പാകെ പരാതി പറഞ്ഞു. കൈയേറ്റക്കാർക്ക് നോട്ടീസ് കൊടുത്ത് ഒഴിപ്പിക്കാൻ സമിതി ചെയർമാന്റെ നേതൃത്വത്തിൽ റവന്യൂവിഭാഗത്തിന് നിർദേശം നൽകി. എന്നാൽ ഇതുവരെ ഒരാൾക്കുപോലും നോട്ടീസ് നൽകിയിട്ടില്ല. വിവരങ്ങൾ ശേഖരിച്ച് വരുകയാണെന്ന മറുപടിയാണ് റവന്യൂഅധികൃതർ നൽകുന്നത്.
പേരിനുമാത്രം പോരാട്ടം
:വരട്ടാർ തിരിച്ചുപിടിക്കാനായി നടത്തിയത് നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന പോരാട്ടമായി മാറി. അറവ്മാലിന്യങ്ങൾവരെ നദിയിലാണ് തള്ളുന്നത്. വെള്ളത്തിന്റെ നിറംമാറിയതോടെ കാല് തൊടാൻപോലും പറ്റാതായി
-രാധാകൃഷ്ണൻ, രാഹുൽ ഭവൻ, തലയാർ