കവിയൂരിലെ പഞ്ചായത്തുഭൂമി; ഇങ്ങനെ ഇട്ടാൽ മതിയോ

കവിയൂർ : കോട്ടൂരിൽ കർഷകർ പൊന്നുവിളയിച്ചിരുന്ന കൃഷിയിടം സ്വന്തമായി കിട്ടിയിട്ടും കാട്ടുച്ചെടികൾക്ക് വിട്ടുകൊടുത്ത് കവിയൂർ പഞ്ചായത്ത്. ഐ.എച്ച്.ആർ.ഡി.യുടെ കൈയിൽനിന്ന് ലഭിച്ച രണ്ടരയേക്കർ ഭൂമിയാണ് ഉപയോഗശൂന്യമായിക്കിടക്കുന്നത്.
കാടും പുല്ലും വളർന്ന് കുട്ടിവനമായിട്ട് ഒരുദശാബ്ദം പിന്നിട്ടു. ഇത്രയും കാലമായിട്ടും ഇവിടേക്ക് അനുയോജ്യമായ ഒരു പദ്ധതിപോലും ആവിഷ്‌കരിച്ച് നടപ്പാക്കാൻ ആയിട്ടില്ല. ഐ.എച്ച്.ആർ.ഡി. കോളേജിനായി നാട്ടുകാർ പിരിവെടുത്ത തുകക്കൊണ്ട് വാങ്ങിനൽകിയ സ്ഥലമാണിത്.
പത്തൊമ്പതുകൊല്ലം മുമ്പ്് നടന്ന സംഭവമാണ്. പുന്നിലത്ത് ഐ.എച്ച്.ആർ.ഡി.യുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജിന് കെട്ടിടം പണിയാൻ സ്ഥലം വേണം. നാടിന്റെ വികസനത്തിന് ഉതകുന്ന കാര്യമായതുകൊണ്ട് ഒട്ടും മടിക്കാതെ ജനകീയസമിതി രൂപവത്കരിച്ചു. രണ്ടുപേരുടെ കൈവശമിരുന്ന കൃഷിയിടം രണ്ടുലക്ഷത്തോളം രൂപ പിരിവെടുത്ത് വാങ്ങി. കോളേജിനുവേണ്ടി അധികൃതർ സ്ഥലപരിശോധന നടത്തി. പുതിയ കെട്ടിടം പണിയുന്നതുവരെ വാടക കെട്ടടിത്തിൽ താത്കാലികമായി കോഴ്‌സുകൾ തുടങ്ങാൻ അനുമതിയായി.
കവിയൂരിലെ മറ്റൊരിടത്ത് കോളേജിന്റെ പ്രവർത്തനത്തിന് വേണ്ടുന്ന കാര്യങ്ങൾ നീങ്ങി. ഇതിനിടെ ഉടലെടുത്ത ചില പ്രശ്നങ്ങളാൽ കോഴ്സുകൾ തുടങ്ങാനായില്ല. ഇതോടെ സ്ഥലം ഐ.എച്ച്.ആർ.ഡി.യുടെ കൈയിലും കോളേജ് സ്വപ്‌നവുമായി.
ഇവർക്ക് സ്ഥാപനം തുടങ്ങാൻ കഴിയാതെ വന്നാൽ പഞ്ചായത്തിനെഴുതി നൽകണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നു. അങ്ങനെ വലിയ മുടക്കില്ലാതെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലം പഞ്ചായത്തിന്റെ കൈയിലെത്തി. ഇവിടേക്ക് അനുയോജ്യമായൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാൻ കഴിയാത്തത് പഞ്ചായത്ത് ഭരണസമിതിയുടെ വീഴ്ചയാണെന്ന ആരോപണമുണ്ട്.