പ്രിയപ്പെട്ട മന്ത്രി അങ്കിളിന്...

സ്‌കൂൾ കെട്ടിടംപണി പൂർത്തിയാകാത്തതിന് വിദ്യാഭ്യാസമന്ത്രിക്ക് സ്‌കൂൾ ലീഡറുടെ കത്ത്‌

കലഞ്ഞൂർ : പ്രിയപ്പെട്ട മന്ത്രി അങ്കിളിന്..ഞാൻ പ്രീ പ്രൈമറി ക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങളുടെ സ്‌കൂളായ കലഞ്ഞൂർ ഗവ. എൽ.പി. സ്‌കൂളിലെ കെട്ടിടംപണി തുടങ്ങിയത്. ഇപ്പോൾ ഞാൻ നാലാംക്ലാസിലാണ്. ഇപ്പോഴും ഞങ്ങളുടെ സ്‌കൂൾകെട്ടിടംമാത്രം പണി പൂർത്തിയാക്കിയിട്ടില്ല.

അഞ്ച് വർഷമായി പൂർത്തിയാക്കാത്ത സ്‌കൂൾകെട്ടിടം കണ്ടാണ് സ്‌കൂൾ ലീഡറായ നാലാം ക്ലാസ് വിദ്യാർഥി വി.നിഖിത വിദ്യാഭ്യാസമന്ത്രിക്ക് ഹൃദയത്തിൽനിന്നൊരു കത്ത് തയ്യാറാക്കിയത്. പുതിയ ക്ലാസ് മുറികളിൽ പഠിക്കാനായി അഞ്ചുവർഷം നീണ്ട കാത്തിരിപ്പിന്റെ വേദന ഈ കത്തിലുണ്ട്. വലിയ വാക്കുകളില്ല. അധികാരികളെ കുറ്റപ്പെടുത്തുന്ന ഭാഷയുമില്ല. പദ്ധതികളുടെ പേരുകളും സാങ്കേതിക കാര്യങ്ങളും അറിയാത്ത ഒരു കുട്ടി തന്റെ ചെറിയ ലോകത്തുനിന്ന് ചോദിക്കുന്ന കുറച്ചു ചോദ്യങ്ങൾമാത്രം.

ഞങ്ങൾക്ക് പുതിയ ക്ലാസ് മുറിയിൽ പഠിക്കണമെന്ന് ആഗ്രഹമുണ്ട്. ഈ വർഷമെങ്കിലും പണി പൂർത്തിയാകുമെന്ന് കരുതി. പക്ഷേ അതും നടന്നില്ല. കുട്ടിയുടെ കത്തിലെ ഓരോ വരിയിലും നിറയുന്നത് ഒരു ക്ലാസ് മുറിക്കുവേണ്ടിയുള്ള അപേക്ഷമാത്രമല്ല. കടന്നുപോകുന്ന ബാല്യത്തിന്റെ നിശ്ശബ്ദമായ സാക്ഷ്യമാണ്. കോന്നി ഐരവണ്ണിൽ ഒരു പരിപാടിക്കായി എത്തിയ മന്ത്രിയുടെ കൈകളിലേക്ക് നിഖിത ഈ കത്ത് നേരിട്ട് കൈമാറി. കത്ത് വാങ്ങിയ മന്ത്രി അങ്കിൾ നമുക്ക് ഇത് എത്രയും വേഗം ചെയ്യാമെന്ന ഉറപ്പും നിഖിതയ്ക്ക് നൽകി.

നിർമാണം തുടങ്ങിയത് 2020 ഓഗസ്റ്റ് 26-ന്

17 സെന്റിൽ സ്ഥിതിചെയ്യുന്ന സ്‌കൂളിന്റെ അസൗകര്യങ്ങൾ കണ്ടാണ് 1.20 കോടി രൂപ അനുവദിച്ച് 2020 ഓഗസ്റ്റ് 26-ന് ശിലാസ്ഥാപനം നടത്തി കലഞ്ഞൂർ ഗവ. എൽ.പി. സ്‌കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഹാബിറ്റാറ്റിനാണ് നിർമാണച്ചുമതല. നിർമാണം തുടങ്ങിയതിനുശേഷം പലതവണ മാസങ്ങളോളം കെട്ടിടത്തിന്റെ പണി നിലച്ചു.

പിന്നീട് വിദ്യാഭ്യാസമന്ത്രി, ധനകാര്യവകുപ്പു മന്ത്രി, സംസ്ഥാന വിദ്യഭ്യാസ ഡയറക്ടർ തുടങ്ങിയവരുടെ ഇടപെടീലിലാണ് വീണ്ടും പണിതുടങ്ങിയത്. 2025 മാർച്ചിൽ പണി പൂർത്തിയാക്കുമെന്ന ഉറപ്പും അന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു. പക്ഷേ വീണ്ടും ഇവിടെ പണി നിലച്ചിരിക്കുകയാണ്. കരാർ എടുത്ത ഹാബിറ്റാറ്റ്് വീണ്ടും ടെൻഡർ തുക വർധിപ്പിക്കണമെന്നുള്ള ആവശ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്‌കൂളാണിത്. നിലവിൽ കലഞ്ഞൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ ക്ലാസ് മുറികളും ഉപയോഗിച്ചാണ് ഇവിടെ പഠനം നടക്കുന്നത്. എൽ.പി. സ്‌കൂളിന് നിലവിൽ ഉള്ള കെട്ടിടം വലിയ അസൗകര്യങ്ങളും ഉള്ളതാണ്.