ടാർ ഉണ്ട്, റോഡിന് നടുക്കുമാത്രം

കവിയൂർ : കണിയാമ്പാറ- കുന്നാന്താനം, കവിയൂർ- നടയ്ക്കൽ പാതകളെ ബന്ധിപ്പിക്കുന്ന ബൈപ്പാസാണ് മുണ്ടിയപ്പള്ളി ഡെയറി ഫാം റോഡ്.

ഒരു കിലോമീറ്ററോളം ദൂരംവരുന്ന വഴിയിൽ തകരാത്ത ഒരിടവുമില്ല. റോഡിന്റെ മധ്യഭാഗത്ത് മാത്രമാണ് അല്പമെങ്കിലും ടാറിങ് ഉള്ളത്.

ബാക്കിയിടം കുണ്ടുംകുഴിയുമായി കിടക്കുന്നു. മുണ്ടിയപ്പള്ളിയിലെ ക്ഷീരകർഷകർ ഏറെ ആശ്രയിക്കുന്ന റോഡാണ്. ഇവിടെ മിൽമയിൽ പാൽ കൊടുക്കാൻ വിവിധയിടങ്ങളിൽനിന്നുള്ള കർഷകരെത്തുന്ന മാർഗമാണ്. ഇരുചക്ര വാഹനങ്ങൾ കുഴികളിൽവീണ് നിയന്ത്രണംവിട്ട് അപകടങ്ങൾ നിത്യേന ഉണ്ടാകുന്നു.

കവിയൂർ- നടയ്ക്കൽ റോഡിന്റെ പുനരുദ്ധാരണം നടക്കുകയാണ്. അതുവഴി വാഹന ഗതാഗതം സാധ്യമല്ലാതെ വന്നതോടെ കോട്ടൂരിലേക്ക് പോകേണ്ടവർ ഈ വഴിയാണ് ഉപയോഗിക്കുന്നത്.

അതുകൊണ്ട് ഗതാഗതത്തിരക്കുമുണ്ട്. കഷ്ടിച്ചൊരു വാഹനത്തിന് പോകാനുള്ള വീതിയേ വഴിക്കുള്ളൂ.

എതിരേ വരുന്ന വാഹനത്തിന് കടത്തിവിടാൻ ശ്രമിച്ചാൽ വൻകുഴികളിലാകും വീഴുക.

ഈട്ടിക്കൽപടി മുതൽ ഡെയറി ഫാമിന് മുൻപിൽവരെയാണ് ഏറെത്തകർച്ച. പഞ്ചായത്തിന്റെ അധീനതയിലുള്ള വഴിയാണ്.