എം.ജി. റോഡ് തകർന്നു, യാത്രക്കാർ തളർന്നു

അടൂർ : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേരിലുള്ള റോഡ്. പക്ഷേ പേരിന്റെ മഹത്ത്വമൊന്നും റോഡിന്റെ അവസ്ഥയിൽ കാണാനില്ല. അടൂർ ആർ.ഡി.ഒ. ഓഫീസിന് സമീപത്തുകൂടി ആനന്ദപ്പള്ളിക്കു പോകുന്ന എം.ജി. റോഡ് തകർന്നിട്ട് വർഷങ്ങളായി. മിക്കയിടത്തും രൂപപ്പെട്ട അപകടക്കുഴികളും റോഡിൽ ചിതറിക്കിടക്കുന്ന മെറ്റലും ഇതുവഴിയുള്ള വാഹനയാത്രയ്ക്ക് തടസ്സമുണ്ടാക്കുകയാണ്.അടൂർ നഗരത്തിലെ തിരക്കിൽനിന്ന് ആനന്ദപ്പള്ളിവഴി പത്തനംതിട്ട ഭാഗത്തേക്ക് പോകാൻ എളുപ്പവഴിയായിരുന്ന റോഡാണിത്. കെ.എസ്.ആർ.ടി.സി. ജങ്ഷൻ, പാർത്ഥസാരഥി ജങ്ഷൻ ഭാഗങ്ങളിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ വാഹനങ്ങൾ ആശ്രയിച്ചിരുന്ന പ്രധാന പാത ഇതായിരുന്നു. ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ സഞ്ചരിച്ചിരുന്ന റോഡായിരുന്നെങ്കിലും തകർച്ച രൂക്ഷമായതോടെ വാഹനങ്ങൾ ഇതുവഴി പോകുന്നത് വളരെ കുറഞ്ഞു. കൂടാതെ നിലവിൽ അടൂർ എം.എൽ.എ. സി.വി.ശാന്തകുമാറിന്റെ ഓഫീസ് പ്രവർത്തിക്കുന്നതും എം.ജി.റോഡരികിലാണ്.

കുഴിയിൽവീഴാതെ പോയാൽ

ബസ് സർവീസ് ഇല്ലാത്തതിനാൽ പ്രദേശവാസികളിൽ ഭൂരിഭാഗവും സ്വന്തം വാഹനങ്ങളെയും ഓട്ടോറിക്ഷകളെയുമാണ് ആശ്രയിക്കുന്നത്. തകർന്ന റോഡിലൂടെ ഓട്ടോറിക്ഷ ഓടിച്ച് പലപ്പോഴും വർക്ക്‌ഷോപ്പുകളിൽ കയറ്റേണ്ടിവരുന്ന സ്ഥിതിയാണെന്ന് ഡ്രൈവർമാർ പറയുന്നു. ഇരുചക്രവാഹനങ്ങൾ കുഴിയിൽവീണ് അപകടമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.റോഡിന്റെ ദുരവസ്ഥ സംബന്ധിച്ച് പലതവണ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഒടുവിൽ കുഴികളിൽ മണ്ണിട്ട് താത്കാലികമായി യാത്ര സുഗമമാക്കുന്നത് നാട്ടുകാർ തന്നെയാണ്.

മെറ്റൽ ഇറക്കി...ഇനി കാത്തിരിപ്പ്

റോഡ് നവീകരണത്തിനുള്ള ടെൻഡർ നടപടിയായെന്ന പേരിൽ മാസങ്ങൾക്കുമുൻപ് വിവിധ ഭാഗങ്ങളിൽ മെറ്റൽ ഇറക്കിയിരുന്നു.

എന്നാൽ പണിയിലേക്ക് കടക്കാതെ കിടന്ന മെറ്റൽ ഇപ്പോൾ റോഡിലാകെ നിരന്നനിലയിലാണ്. കാൽനടയാത്രക്കാർക്കുപോലും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് സ്ഥിതി.നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിൽ ഒരുകാലത്ത് നിർണായക പങ്കുവഹിച്ച റോഡിനാണ് ഈ ദുരവസ്ഥ.ഗ്രാമീണസൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതിൽ റോഡുകളുടെ പ്രാധാന്യം വളരെ വലുതാണെന്നാണ് വെപ്പ്. എന്നാൽ ഇക്കാര്യത്തിൽ അടൂർ ഭാഗത്ത് മങ്ങലേറ്റിട്ടുണ്ട് എന്നതാണ് ഈ റോഡിന്റെ അവസ്ഥയിൽനിന്ന്‌ മനസ്സിലാക്കേണ്ടത്.