തോട്ടപ്പുഴയിൽ തണ്ണീർത്തടം നികത്തുന്നു

ഇരവിപേരൂർ : ആണ്ടുതോറും പ്രളയക്കെടുതിക്ക് ഇരയാകുന്ന ഇരവിപേൂരൂരിൽ പാടങ്ങളും തണ്ണീർത്തടങ്ങളും വീണ്ടും നികത്തുന്നു. വള്ളംകുളം-തോട്ടപ്പുഴ റോഡിൽ കണ്ണാട് ചപ്പാത്തിന് സമീപം ആറടിയോളം താഴ്ചവരുന്ന തണ്ണീർത്തടമാണ് നികത്തുന്നത്.

പൂജാ അവധി മറയാക്കി തുടങ്ങിയ മണ്ണടിയാൽ നല്ലൊരുഭാഗം നികത്തികഴിഞ്ഞു. പലയിടത്തും തോടുകളുടെ ഭാഗങ്ങളും പാടങ്ങളിൽ മിക്കവയും പലരും നികത്തിയെടുത്തു. ടി.കെ. റോഡിനോട് ചേർന്ന് വരാച്ചാലിന്റെ ഭാഗമായ പാടത്തിൽ കെട്ടിടങ്ങൾ പണിതിട്ട് അധികമായില്ല. ഇതിനെതിരേ വാർത്തകൾ വന്നതിനെ തുടർന്ന് ഒരുവർഷം മുന്നേ ചില രാഷ്ടീയകക്ഷികൾ രംഗത്ത് വന്നിരുന്നു. അവരിൽ ഒരു രാഷ്ടീയകക്ഷിയുടെ പ്രവർത്തകർ മണ്ണിട്ടിടത്ത് അവരുടെ കൊടിനാട്ടി. ചില കക്ഷികൾ പ്രതിഷേധസമരവും നടത്തി. തുടർന്ന് റവന്യൂ അധികാരികൾ ഇടപെട്ട് കുറെക്കാലം നിർത്തിയതുമാണ്.

എന്നാൽ, ഉന്നതതല സാധീനത്താൽ ഇത് വീണ്ടും തുടരുകയാണ്. രാഷ്ടീയകക്ഷികളും ഉദ്യോഗസ്ഥരും പിന്നീട് ഇതിനെതിരേ തിരിഞ്ഞതുമില്ല. കാൽ നൂറ്റാണ്ടിന് മുന്നേവരെ തോടുകളാലും നീർച്ചാലുകളാലും സമ്പന്നമായ നാടായിരുന്നിത്. ഇവയിലൂടെ മണിമലയാറ്റിലെ നീരൊഴുകി മാറിയിരുന്നത്. അതിനാൽ വെള്ളപ്പൊക്ക കെടുതികളും ഉണ്ടായിരുന്നില്ല. ഒരു ദശാബ്ദമായി ഇതല്ല ഗതി.

മോണോത്തോടും വരാച്ചാലും കൈയേറ്റത്തിന് വിധേയമായതും മണ്ണടിച്ച് നികത്തിയുമാക്കെ ഒഴുക്ക് തടയാൻ ഇടയാക്കി. കാലവർഷത്തിന്റെ തുടക്കത്തിലെ പഞ്ചായത്തിലെ ആറുവാർഡുകൾ പൂർണമായി മുങ്ങാനിത് കാരണമാകുന്നു.

വള്ളംകുളം മുതൽ ഇരവിപേരൂർവരെ ടി.കെ. റോഡിൽ രണ്ടു കീലോമീറ്ററോളം ദൂരത്തിൽ താഴ്ന്നിടങ്ങൾ നികത്തിയെടുത്ത കെട്ടിടങ്ങൾ പണിതു. ഇങ്ങനെ ആറ്റുവെള്ളം കയറി കിടന്നിരുന്ന താഴ്ന്ന പ്രദേശങ്ങളും പാടങ്ങളും തോടുകളും അടക്കം നികന്നത് നാടിന മുക്കുകയാണ്.