കുത്തിക്കയറ്റിയാൽ പിന്നിൽ കിടക്കേണ്ടിവരും

വരിതെറ്റിച്ചെത്തിയ സ്വകാര്യബസ് പിന്നോട്ടെടുപ്പിച്ചു

തിരുവല്ല : ട്രാഫിക് സിഗ്നലിൽ വരിതെറ്റിച്ച് വാഹനം കുത്തിക്കയറ്റിയ സ്വകാര്യ ബസ് ഡ്രൈവറെ മര്യാദ പഠിപ്പിച്ച് മറ്റ് വാഹനയാത്രികർ. വേഗത്തിൽ പോകാൻ മുന്നോട്ടെടുത്ത ബസ് ഒടുവിൽ 50 മീറ്ററോളം പിന്നോട്ടെടുത്ത് വരിയിൽ കിടക്കേണ്ടിവന്നു. തിരുവല്ല ബൈപ്പാസിൽ മല്ലപ്പള്ളി റോഡ്ക്രോസ് ജങ്ഷനിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ഒട്ടേറെ വാഹനങ്ങൾ സിഗ്‌നൽ കാത്തുകിടക്കുമ്പോഴാണ് മല്ലപ്പള്ളി ദിശയിൽനിന്നുവന്ന ബസ് നിരതെറ്റിച്ച് കുത്തിക്കയറ്റിയത്. റോഡിന് വീതികുറഞ്ഞ ഭാഗമാണിവിടം. തിരുവല്ല ഭാഗത്തേക്കുള്ള സിഗ്‌നൽ കാത്ത് ഇരുപതോളം വാഹനങ്ങൾ കിടക്കുമ്പോഴാണ് വലതുവശത്തുകൂടി ബസ് കയറ്റിക്കൊണ്ടുവന്നത്. മല്ലപ്പള്ളി ഭാഗത്തേക്ക് വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സിഗ്‌നൽ തെളിഞ്ഞതോടെ കുരുക്കായി. വീതികുറവുള്ള റോഡിലൂടെ എതിർഭാഗത്തുനിന്നുവന്ന ഇരുചക്രവാഹന യാത്രക്കാർക്കുപോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായി. ബസ് പിന്നിലേക്ക് എടുക്കാൻ ഡ്രൈവർ തയ്യാറായില്ല. ഇതോടെ യാത്രക്കാരിൽ പലരും വാഹനം നിർത്തി റോഡിൽ ഇറങ്ങി ഡ്രൈവറോട് തട്ടിക്കയറി. ഇതിനിടെ ഗതാഗതം പൂർണമായും താളംതെറ്റി. കാര്യങ്ങൾ കൈവിടുമെന്ന ഘട്ടത്തിൽ ഡ്രൈവർ ബസ് പിന്നിലേക്ക് എടുക്കുകയായിരുന്നു. നിയമം ലംഘിച്ച് വന്ന സ്വകാര്യബസ് മറ്റു യാത്രക്കാർ ചേർന്ന് പിന്നിലേക്ക് എടുപ്പിക്കുന്ന ദൃശ്യം സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ച്‌ വെറൽ ആകുകയാണ്. ഇത്തരം നിയമലംഘനങ്ങൾ ഇവിടെ പതിവാണെന്നും ട്രാഫിക് ഡ്യൂട്ടിക്കായി സ്ഥിരം ഉദ്യോഗസ്ഥരെ നിയമിക്കാൻ പോലീസ് തയ്യാറാകണമെന്ന ആവശ്യവും യാത്രക്കാരിൽനിന്ന്‌ ഉയരുന്നുണ്ട്.