അധികൃതർ മറന്ന ഇടത്താവളം

ഏനാത്ത് : എം.സി. റോഡരികിലെ ശബരിമല ഇടത്താവളങ്ങളിൽ പ്രധാനപ്പെട്ടതാണ് ഏനാത്ത് മഹാദേവർ ക്ഷേത്രത്തിലേത്. പത്തനംതിട്ട ജില്ലയിലേക്ക് തെക്കുപടിഞ്ഞാറ് ഭാഗത്തുനിന്ന് പ്രവേശിക്കുമ്പോൾ ആദ്യത്തേതും ഇതാണ്. എന്നാൽ ഇങ്ങനെയൊരു ഇടത്താവളമുള്ളത് അധികൃതർ മറന്ന മട്ടാണ്. വർഷങ്ങളായി ഒരുതരത്തിലുള്ള പണിയും ഇടത്താവളത്തിൽ നടത്തിയിട്ടില്ല.
ഏനാത്ത് ഇടത്താവളം
2011-ൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇടത്താവളവും ശൗചാലയവും നിർമ്മിച്ചു.
ഏനാത്ത് പാലത്തിൽനിന്ന് ഒരുകിലോമീറ്റർ അടൂർ റൂട്ടിൽവന്ന് ഏനാത്ത് ടൗണിലേക്കുള്ള റോഡിൽ മുന്നോട്ട് പോയാൽ ഇടത്താവളത്തിലെത്താം.
നിലവിലെ സ്ഥിതി,ആവശ്യങ്ങൾ
അയ്യപ്പൻമാർക്ക് വിരിവെയ്ക്കാനുള്ള ഷീറ്റ് മേൽക്കൂരയുള്ള സംവിധാനമാണുള്ളത്. ഷീറ്റ് കമ്പികൾ തുരുമ്പിച്ച് തുടങ്ങിയിട്ടുണ്ട്.
വിരിവെയ്ക്കുന്നിടത്ത് വശങ്ങൾ അല്പം പോലും ഉയർത്തി കെട്ടിയിട്ടില്ല. ശക്തമായമഴ പെയ്താൽ കാറ്റത്ത് അകത്തേക്ക് വെള്ളം അടിച്ചുകയറും. ഒപ്പം ഇഴജന്തുക്കളും മറ്റ് ജീവികളും കയറാൻ സാധ്യത ഏറെയാണ്.
വശങ്ങൾ അല്പം കെട്ടി ഉയർത്തി മറ്റ് അറ്റകുറ്റപ്പണികൾ കൂടി നടത്തിയാൽ തീർഥാടകർക്ക് സുഗമമായി വിരി വെയ്ക്കാം.
ഇടത്താവളത്തിനോട് അനുബന്ധിച്ച് പണിത ശൗചാലയം ഉപയോഗശൂന്യമായി കാടുപിടിച്ച് നശിച്ചു. ഇത് നവീകരിച്ചാൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.
കുളത്തിന് സമീപത്തായുള്ള ശൗചാലയ കെട്ടിടത്തിലേക്ക് പോകാനുള്ള വഴി പോലും കാടുപിടിച്ച് കിടക്കുകയാണ്.
ഉപകാരപ്പെടുന്നത്
ഇടത്താവളം മെച്ചപ്പെടുത്തിയാൽ തിരുവനന്തപുരം, കന്യാകുമാരി ഉൾപ്പെടെയുള്ള തെക്കൻ മേഖലയിൽ നിന്നെത്തുന്നവർക്ക് ഉപകരിക്കും. കൊട്ടാരക്കര കഴിഞ്ഞാൽ പിന്നെയുള്ള ഇടത്താവളമിതാണ്.
ചെറിയവാഹനങ്ങൾ പാർക്ക്ചെയ്യാൻ സ്ഥലമുണ്ട്. ബസ് പോലെയുള്ള വലിയ വാഹനങ്ങളാണെങ്കിൽ എം.സി. വശത്ത് സുഗമമായി പാർക്ക് ചെയ്യാം.
തീർഥാടകർക്ക് അടൂരിലെ തിരക്കിലേക്ക് പോകാതെ ഇവിടെ വിശ്രമിക്കാനാവും. അടൂർ ചുറ്റാതെ ഇവിടെനിന്നും ഏഴംകുളം-കൈപ്പട്ടൂർ വഴി പത്തനംതിട്ടയ്ക്ക് പോകാനും സാധിക്കും.