അന്ന് കൂട്ടാളികൾക്കൊപ്പം രാത്രി എത്തി; ഇന്ന് പോലീസിനൊപ്പം പകൽ

മോഷ്ടാവിനെ തെളിവെടുപ്പിനെത്തിച്ചു

അന്തിച്ചിറ : രാത്രി ക്ഷേത്രത്തിലെത്തി വഞ്ചിയും അലമാരയും കുത്തിത്തുറന്ന മോഷ്ടാവ് ഒടുവിൽ പകൽവെളിച്ചത്തിൽ അതേ ക്ഷേത്രത്തിൽ തിരിച്ചെത്തി. ഇത്തവണ കൈയിൽ മോഷണച്ചരക്കുകളുമായല്ല, കൈവിലങ്ങുകൾ അണിഞ്ഞാണ് പോലീസിന്റെ തെളിവെടുപ്പിനെത്തിച്ചത്.അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതിക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിലെ പ്രതികളിലൊരാളായ കൊല്ലം ചന്ദനത്തോപ്പ് മാമൂട് ഇളമ്പള്ളൂർ കുറുവേലിൽ താഴേതിൽ അമ്പലം പ്രസാദ് എന്ന പ്രസാദിനെ (62) ആണ് പോലീസ് തെളിവെടുപ്പിന് ക്ഷേത്രത്തിലെത്തിച്ചത്.

സെപ്റ്റംബർ 12-നായിരുന്നു ക്ഷേത്രത്തിൽ മോഷണം. വഞ്ചികൾ കുത്തിത്തുറന്നും ഓഫീസ് മുറികളുടെ വാതിലുകളും അലമാരകളും തകർത്തും സ്വർണവും പണവും ഉൾപ്പെടെ ഒരുലക്ഷത്തിലേറെ രൂപയാണ് കവർന്നത്. സി.സി.ടി.വി. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഡി.വി.ആറും കള്ളന്മാർ കൊണ്ടുപോയി. എന്നാൽ, തിരുവനന്തപുരത്തേക്ക് രക്ഷപ്പെടുന്നതിനിടെ ഡി.വി.ആർ. വഴിയിലുപേക്ഷിച്ചു.

മോഷണത്തിന് പിന്നാലെ മറ്റൊരു കേസിൽ തൃക്കാക്കരയിൽ പിടിയിലായ പ്രസാദും കൂട്ടാളിയായ ഹസൻ സന്തോഷും ജയിലിലായിരുന്നു. കോടതിയിൽ അപേക്ഷ നൽകി അടൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങിയശേഷമാണ് പ്രസാദിനെ കോട്ടൂർ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.ക്ഷേത്രങ്ങളിലും മറ്റുമായി മോഷണം പതിവാക്കിയ ആളാണ് പ്രസാദെന്ന് പോലീസ് പറഞ്ഞു.

തൃക്കാക്കരയിൽ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ വീട്ടിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രസാദ് ഇപ്പോൾ പിടിയിലായത്.കോട്ടൂരിലെ ക്ഷേത്രമോഷണം നടന്നതിന് പിന്നാലെ മൂന്നുദിവസത്തിനിടെ മുപ്പതിലേറെ സ്ഥലങ്ങളിൽ മോഷണം നടന്നിരുന്നു. ഇവയെല്ലാം കോട്ടൂർ ക്ഷേത്രത്തിൽ മോഷണംനടത്തിയ സംഘത്തിന്റെ പണിയല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കോട്ടൂർ ക്ഷേത്രമോഷണം ഒഴികെയുള്ള കേസുകളിലെ പ്രതികളെ പിന്നീട് മൂന്നാറിൽനിന്ന് പോലീസ് പിടികൂടുകയും ചെയ്തു. ഇതിനിടയിലാണ് പ്രസാദും കൂട്ടാളിയും തൃക്കാക്കരയിൽ പിടിയിലാകുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾകൂടി പിടിയിലാകാനുണ്ട്. കൂട്ടാളിയായ ഹസൻ സന്തോഷിനെ വരുംദിവസങ്ങളിൽ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.