തോട്ടുകര പാടം പച്ചപുതയ്ക്കും; ജലസേചനസൗകര്യമൊരുക്കും -എം.എൽ.എ.

#കെ.സി.ഗിരീഷ് കുമാർ

പന്തളം: ‘മാതൃഭൂമി’ വാർത്തയെത്തുടർന്ന് എം.എൽ.എ. യുടെ അടിയന്തര ഇടപെടൽ. കുരമ്പാല തോട്ടുകര പാടം സന്ദർശിച്ച് കർഷകരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കിയ സി.വി. ശാന്തകുമാർ എം.എൽ.എ.യാണ് കർഷകർ അനുഭവിക്കുന്ന ജലക്ഷാമത്തിന് അടിയന്തരപരിഹാരം ഉണ്ടാകുമെന്ന് അറിയിച്ചത്.

തോട്ടുകര പാലത്തിന് താഴ്ഭാഗം വലിയതോട്ടിൽ കർഷകർ താത്കാലികതടയണ പണിത് വെള്ളം പാടത്തേക്ക് തിരിക്കുന്ന ഭാഗത്ത് തടയണയും ഷട്ടറും പണിയുന്നകാര്യം പരിഗണിക്കുമെന്നാണ് എം.എൽ.എ. പറഞ്ഞത്. ഇതിനായി ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗംവിളിക്കും. മന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്നയോഗത്തിൽ പ്രശ്‌നം അവതരിപ്പിക്കും.

കാർഷികഗ്രാമമായ കുരമ്പാലയിലെ തോട്ടുകര പാടത്തിന്റെ ഒരുഭാഗത്ത് നെല്ലും ഒരുഭാഗത്ത് കപ്പ, ചേന, ചേമ്പ്, പച്ചക്കറി ഇനങ്ങൾ എന്നിവയും കൃഷിചെയ്യാൻ വെള്ളം ലഭിക്കുന്ന തരത്തിലാണ് പദ്ധതി. തടയണയും ഷട്ടറും സ്ഥാപിച്ച് വെള്ളം തിരിച്ചുവിട്ടാൽ സമൃദ്ധമായി കൃഷിചെയ്യാൻ കഴിയും. വലിയതോടിന്റെ താഴെയുള്ള കർഷകർക്ക് വെള്ളം ലഭിക്കുന്നതിനും കൃഷിക്ക് തടസ്സമുണ്ടാകാത്ത തരത്തിലുമാകും ഷട്ടർ പണിയുക. തോട് ആഴംകൂട്ടി വൃത്തിയാക്കുന്നകാര്യത്തിലും ജലസേചനവകുപ്പുമായി ചർച്ച നടത്തുമെന്ന് എം.എൽ.എ. പറഞ്ഞു. നഗരസഭാ കൗൺസിലർ മനോജ് കുരമ്പാലയും കർഷകരും നാട്ടുകാരും ഇവിടെ നടപ്പാക്കേണ്ട കാര്യങ്ങൾ എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തി.