അപ്പർ കുട്ടനാട്ടിൽ വിത്തെറിഞ്ഞു, തുലാമഴ കണ്ണീരായി...

തിരുവല്ല : അപ്പർകുട്ടനാട്ടിൽ പുഞ്ച സീസൺ തുടങ്ങി. പെരിങ്ങര പടവിനകം ബി പാടത്താണ് വിത്തുവിതച്ച് കൃഷിക്കാലത്തിന് തുടക്കമായി. എന്നാൽ, വിതയ്ക്ക് പിന്നാലെ തുലാമഴ കനത്തത് കർഷകർക്ക് തിരിച്ചടിയായി.

110 ഏക്കറോളം വരുന്ന പാടത്ത് ജ്യോതി നെൽവിത്താണ് വിതച്ചത്. കഴിഞ്ഞ തവണ ഡി വൺ ആണ് വിതച്ചത്. 140 ദിവസം വേണം ഡി വൺ വിളവെടുപ്പിന്. 110 ദിവസം കഴിയുമ്പോൾ ജ്യോതി വിളവെടുക്കാൻ കഴിയും. രുചി കൂടുതലുള്ള ജ്യോതി ഇനത്തിന് പൊഴിച്ചിൽ കൂടുതലുള്ളതിനാൽ വിളവ് കുറയുന്ന സാഹചര്യം ഉണ്ടായിരുന്നു. പകരമായാണ് ഡി വൺ പ്രചാരം നേടിയത്. എന്നാൽ, കഴിഞ്ഞ തവണ ഡി വണ്ണിന് വിളവ് തീരെ കുറവായിരുന്നെന്ന് പടവിനകം ബി പാടശേഖരം സെക്രട്ടറി രാജൻ വർഗീസ് കോലോത്ത് പറഞ്ഞു. നാഷണൽ സീഡ് കോർപ്പറേഷനിൽ നിന്നാണ് കഴിഞ്ഞ വർഷങ്ങളിൽ വിത്ത് വാങ്ങിയിരുന്നത്. ഇത് ഫലപ്രദമായി മുളയ്ക്കാത്ത പ്രശ്നം ഉണ്ടായിരുന്നതായി കർഷകർ പറയുന്നു.

ഇത്തവണ സീഡ് കോർപ്പറേഷന് പകരം കർഷകർ സ്വന്തം നിലയ്ക്ക് വിത്ത് ശേഖരിക്കുകയായിരുന്നു. ഫെബ്രുവരിയോടെ പടവിനകത്ത് വിളവെടുപ്പ് നടക്കും. എന്നാൽ, വിതച്ചതിന് പിന്നാലെ തുലാമഴ കനത്തത് കർഷകരെ ആശങ്കയിലാക്കി. വിത്ത് വേരുറപ്പിക്കാതെ ചെളിയിൽ താഴ്ന്ന് പോകാനുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാൽ വീണ്ടും വിതയിറക്കേണ്ടിവരും. എൽനിനോ പ്രതിഭാസംമൂലം അടുത്തകൊല്ലം ആദ്യം മുതൽ വേനൽ കടുക്കുമെന്ന നിരീക്ഷണം ഉള്ളതിനാൽ അപ്പർകുട്ടനാട്ടിൽ മിക്ക പാടശേഖരങ്ങളിലും ഇത്തവണ വിത നേരത്തെ ഇറക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. ഇതിന് തിരിച്ചടിയാണ് മഴ. പടവിനകം എ പാടം വിതയ്ക്കാനായി വറ്റിച്ച് ഇട്ടിരിക്കുകയാണ്. വേളൂർമുണ്ടകം, വേങ്ങൽ പാടങ്ങളിലും ഒരുക്കങ്ങൾ നടക്കുന്നു. മഴ കനത്താൽ കർഷകർ വിത നീട്ടിവയ്ക്കേണ്ടിവരും.