മല്ലപ്പുഴശ്ശേരി കുടുംബാരോഗ്യകേന്ദ്രം: ഫണ്ടുണ്ട്; സ്ഥലമില്ല

30 സെന്റ് സ്ഥലം സൗജന്യമായി നൽകാമെന്ന് അറിയിച്ചിട്ട് ഒൻപതുമാസം

കുറുന്താർ : മല്ലപ്പുഴശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്താനുള്ള നടപടി ഇഴയുന്നു. 15-ാം ധനകാര്യ കമ്മിഷൻ ഗ്രാൻറ്‌ മുഖേന കെട്ടിടം നിർമിക്കാനായി 1.43 കോടി രൂപ അനുവദിച്ചിട്ട് മാസങ്ങളായി. ആദ്യഗഡുവായി 35 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എന്നിട്ടും മെ​െല്ലപ്പോക്കിലാണ് അധികാരികൾ.

പഞ്ചായത്ത് അഞ്ചാംവാർഡിലാണ് പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടെ കുടുംബാരോഗ്യകേന്ദ്രം നിർമിക്കാനുള്ള സ്ഥലം ലഭ്യമല്ല. കുടുംബാരോഗ്യകേന്ദ്രത്തിനുവേണ്ടി സ്ഥലം കണ്ടെത്തിയാൽ 10 കിടക്കയും ആധുനിക ലാബ് സൗകര്യങ്ങളോടുംകൂടിയ കേന്ദ്രമായിരിക്കും വരുക. രണ്ടുവട്ടം ‘ആർദ്രകേരളം കായകല്പം അവാർഡ്’ സെന്ററിന് ലഭിച്ചിട്ടുണ്ട്. ദിവസം 30 പേരോളം ചികിത്സ തേടിയെത്തുന്നുണ്ട്. ഒരു ഡോക്ടറടക്കം 17 ജീവനക്കാരാണുള്ളത്. കുടുംബാരോഗ്യകേന്ദ്രം നിർമിക്കാനുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമം പഞ്ചായത്ത് അധികൃതർ മാസങ്ങളായി നടത്തുന്നുണ്ടെങ്കിലും, ഒന്നും വിജയിച്ചിട്ടില്ല.

30 സെൻറ് സ്ഥലം സൗജന്യമായി നൽകാമെന്നറിയിച്ചു

കുടുംബാരോഗ്യകേന്ദ്രം നിർമിക്കുന്നതിനുവേണ്ടി 2025 ഒക്ടോബർ 22-ന് 15 സെൻറ് സ്ഥലം സൗജന്യമായി പഞ്ചായത്തിന് നൽകാമെന്നുകാണിച്ച് കുറുന്താർ വാഴുവിലേത്ത് രാജപ്പൻനായർ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. കത്ത് നൽകിയെങ്കിലും, പഞ്ചായത്ത് അധികൃതർ സ്ഥലം വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല. കുടുംബാരോഗ്യകേന്ദ്രം നിർമിക്കാൻ കുറഞ്ഞത് 30 സെൻറ് സ്ഥലം ആവശ്യമാണെന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് ജനുവരി ആറിന് വീണ്ടും 15 സെന്റുകൂടി സൗജന്യമായി നൽകാമെന്നുള്ള കത്ത് പഞ്ചായത്തിന് നൽകി. മല്ലപ്പുഴശ്ശേരി പഞ്ചായത്ത് 12-ാം വാർഡിൽ ബ്ലോക്ക് 12, സർവേ നമ്പർ 280-ൽ ഉൾപ്പെട്ട ഭൂമിയിൽ 30 സെൻറ് സ്ഥലമാണ് വാഗ്ദാനംചെയ്തത്. ഇതിനും മറുപടി ലഭിച്ചിട്ടില്ല. പഞ്ചായത്തിന്റെ മറ്റ് പ്രദേശങ്ങളിൽ സ്ഥലം നോക്കുന്നുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.