കെ.എ. അജേഷിന് സാമൂഹികനീതി വകുപ്പിന്റെ പുരസ്കാരം

കെ. എ. അജേഷ്
കെ. എ. അജേഷ്

കോട്ടായി: ഭിന്നശേഷിയുള്ള മികച്ച ജീവനക്കാരനുള്ള സാമൂഹികനീതിവകുപ്പിന്റെ 2026-ലെ സംസ്ഥാനപുരസ്കാരം പാലക്കാട് വെണ്ണക്കര ഗവ. ഹൈസ്കൂളിലെ അധ്യാപകൻ കെ.എ. അജേഷിന്. കേൾവിവെല്ലുവിളി അതിജീവിച്ച് അധ്യാപനരംഗത്തും സാമൂഹിക, സാംസ്കാരിക, പരിസ്ഥിതിമേഖലകളിലും നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.

കോട്ടായി കമ്പക്കൂടം വീട്ടിൽ പരേതനായ കെ. അപ്പുണ്ണിയുടെയും കെ. പദ്‌മാവതിയുടെയും മകനാണ്. 2020-ലും അജേഷിന് പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഗ്രാമീണമേഖലയിലെ വീടുകളിലും കുട്ടികൾക്കുമടുത്തെത്തി പുസ്തകങ്ങൾ വിതരണംചെയ്യുന്ന സഞ്ചരിക്കുന്ന ഗ്രന്ഥശാലയായ ‘പുസ്തകവണ്ടി’യുടെ സാരഥിയാണ് അജേഷ്. കോട്ടായി അപ്പുണ്ണിയേട്ടൻ വായനശാലയുടെ സെക്രട്ടറി, ദേശീയ ഹരിതസേന പാലക്കാട് വിദ്യാഭ്യാസജില്ലാ കോഡിനേറ്റർ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുഴൽമന്ദം ലോക്കൽ അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

ഡിസംബർ മൂന്നിന് ലോക ഭിന്നശേഷിദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അജേഷിന്‌ പുരസ്കാരം സമ്മാനിക്കും. ഭാര്യ: വി. ചിത്ര. മക്കൾ: അലോഷ്യ, ആയുഷ്.

Content Highlights: Palakkad teacher K. A. Ajesh wins the Kerala Social Justice Department's State Award for best differently-abled employee for his exemplary teaching and social contributions.