എൺപത്തിരണ്ടാം വയസ്സിലും കൃഷിയിൽ സജീവമായി രുക്മി‌ണി

ചിറ്റൂർ : പട്ടഞ്ചേരി കന്നിമാരി കുറ്റിക്കൽ ചള്ളയിൽ രുക്മിണി, 82-ന്റെ നിറവിലും കൃഷിയിൽ സജീവമാണ്. ഭർത്താവിന്റെ മരണശേഷമാണ് രുക്മിണി കൃഷിയിലേക്കിറങ്ങിയത്.

രാവിലെ അഞ്ചിന് ഉണരും. ആറിന് തോട്ടത്തിലെത്തും. വിളകൾക്ക് ജലസേചനം നടത്തും. പണിക്കാരെത്തിയാൽ അവർക്കുവേണ്ട നിർദേശങ്ങൾ നൽകി ഒപ്പംകൂടും. പ്രവൃത്തികൾ പ്രായത്തിന് വഴിമാറുമെന്നാണ് രുക്മിണി പറയുന്നത്.

സ്ഥലം പ്ലോട്ടുകളാക്കി തിരിച്ചാണ് കൃഷിചെയ്യുന്നത്. കാപ്പി, ജാതി, കവുങ്ങ്, തെങ്ങ്, പലതരം വാഴകൾ, പഴവർഗങ്ങൾ ഇവയെല്ലാം തോട്ടത്തിലുണ്ട്. നെൽക്കൃഷിയുമുണ്ട്. ഇപ്പോൾ ഔഷധഗുണമുള്ള ജീരകശാല ഇനം നെൽക്കൃഷിക്കും അവർ തുടക്കംകുറിച്ചിരിക്കുന്നു.

പാടത്ത് വരമ്പ് പൊട്ടി വെള്ളം പാഴായിപ്പോകുമ്പോൾ, പഴുതടയ്ക്കുന്നതും അവർതന്നെയാണ്. ഉത്പാദിപ്പിക്കുന്ന നെല്ല് അരിയാക്കി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും തയ്യാറാണെന്ന് രുക്മിണി പറയുന്നു. പട്ടഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽനിന്ന് പ്രധാനാധ്യാപികയായി വിരമിച്ച മകൾ ശൈലജ പിന്തുണയുമായി ഒപ്പമുണ്ട്. അടുക്കും ചിട്ടയുമുള്ള കൃഷിരീതിയാണ് രുക്മിണിയുടേതെന്ന് കൃഷിവകുപ്പ് അധികൃതരും പറയുന്നു.