സ്നേഹവീടിന്റെ താക്കോൽ സമർപ്പിച്ചു

ചെർപ്പുളശ്ശേരി : കാറൽമണ്ണ എൻ.എൻ.എൻ.എം.യു.പി. സ്‌കൂളിന്റെ നവതിയാഘോഷത്തിന്റെ ഭാഗമായി സ്‌കൂളിലെ സഹപാഠിക്ക് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ വിദ്യാർഥിയുടെ രക്ഷിതാക്കൾക്ക് മന്ത്രി എൻ. ഷംസുദ്ദീൻ കൈമാറി. തങ്ങളുടെ കൂട്ടത്തിൽപ്പെട്ട ഒരാൾക്ക് സഹായം നൽകാൻ തയ്യാറാവുന്നത് നാടിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
നഗരസഭാധ്യക്ഷ കെ.ടി. ജംസിയ അധ്യക്ഷയായി. രക്ഷിതാക്കളും മാനേജ്‌മെന്റും പി.ടി.എ.യും പൂർവവിദ്യാർഥികളും നാട്ടുകാരും പൂർവ അധ്യാപകരും ചേർന്നാണ് ‘സഹപാഠിക്കൊരു സ്നേഹവീട്’ എന്ന ആശയം നടപ്പാക്കിയത്. 2025 നവംബർ 14-ന് ആരംഭിച്ച വീടിന്റെ നിർമാണപ്രവൃത്തികൾ ഓഗസ്റ്റിലാണ് പൂർത്തിയായത്. ഒൻപതുലക്ഷംരൂപ ചെലവിട്ടാണ് വീട് നിർമിച്ചത്.
സ്‌കൂൾ മാനേജർ പി.ബി. ജിനേഷ്, പ്രധാനാധ്യാപിക എം. സ്മിത, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത്, നഗരസഭാംഗം കെ.എം. ഇസ്ഹാഖ്, എ.ഇ.ഒ. ഇ. രാജൻ, രേഖ, റിട്ട. പ്രധാനാധ്യാപകരായ പി.എൻ. മുകുന്ദൻ നായർ, കെ.കെ. ലേഖ, ടി. പ്രസാദ്, പി.ടി.എ. പ്രസിഡന്റ് കെ. രജീഷ് തുടങ്ങിയവർ സംസാരിച്ചു.