മേട്ടുപ്പാളയം-ഊട്ടി തീവണ്ടിക്കുമാത്രമായി പ്ലാറ്റ്ഫോം

കോയമ്പത്തൂർ : മേട്ടുപ്പാളയം-ഊട്ടി മലയോരതീവണ്ടിക്ക് മാത്രമായി മേട്ടുപ്പാളയം റെയിൽവേസ്റ്റേഷനിൽ പ്രത്യേക പ്ലാറ്റ് ഫോം സജ്ജമായി. അമൃത്ഭാരത് സ്റ്റേഷൻ വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്ലാറ്റ്ഫോം നിർമിച്ചിരിക്കുന്നത്.
1899-ൽ ആരംഭിച്ച മേട്ടുപ്പാളയം-ഊട്ടി തീവണ്ടിക്ക് 127 വർഷത്തിന് ശേഷമാണ് പ്രത്യേകം പ്ലാറ്റ് ഫോം സജ്ജമായിരിക്കുന്നത്. നേരത്തേ മെമു തീവണ്ടി സർവീസ് നടത്തുന്ന പ്ലാറ്റ് ഫോമിന്റെ തുടർച്ചയായുള്ള മീറ്റർഗേജ് പാതയിൽനിന്നാണ് ഊട്ടി തീവണ്ടിസർവീസ് നടത്തിയിരുന്നത്. ഈ ട്രാക്കിന്റെ എതിർവശത്തായാണ് പുതിയ മീറ്റർഗേജ് പാതയും പ്ലാറ്റ് ഫോമും നിർമിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസംമുതൽ ഈ പ്ലാറ്റ് ഫോമിൽനിന്നാണ് ഊട്ടി തീവണ്ടിസർവീസ് നടത്തുന്നത്. ഇതോടെ മലയോരതീവണ്ടിയിൽ യാത്രചെയ്യുന്നവർക്ക് കൂടുതൽ സൗകര്യങ്ങളായി.
യു.എൻ. പൈതൃകപ്പട്ടികയിൽ ഇടംനേടിയ മേട്ടുപ്പാളയം-ഊട്ടി മലയോര തീവണ്ടിസർവീസ് പൂർണമായും വിനോദസഞ്ചാരികൾക്കായാണ് ഓടുന്നത്. ദിവസവും രണ്ട് തീവണ്ടിയാണ് ഊട്ടിയിലേക്ക് സർവീസ് നടത്തുന്നത്.