പട്ടാമ്പി ബൈപ്പാസ് റോഡിൽ രാത്രിയിൽ മാലിന്യം തള്ളുന്നു

പട്ടാമ്പി : ബൈപ്പാസ് റോഡിൽ രാത്രികാലങ്ങളിൽ മാലിന്യം തള്ളൽ വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ചാക്കുകളിലാക്കി റോഡിൽ മാലിന്യം തള്ളിയത്. രാവിലെ പ്രഭാതനടത്തത്തിനും വ്യായാമത്തിനുമായി എത്തിയവരാണ് മാലിന്യം തള്ളിയത് കണ്ടത്.
വീടുകളിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും പഴകിയ സാധനങ്ങളും മറ്റുമാണ് ചാക്കുകളിലാക്കി റോഡിൽ തള്ളിയത്. തുടർന്ന് പ്രദേശവാസികൾ ചേർന്നുതന്നെയാണ് മാലിന്യച്ചാക്കുകൾ നീക്കിയതും. പട്ടാമ്പി പെരിന്തൽമണ്ണ റോഡിൽ മത്സ്യമാർക്കറ്റിന് സമീപത്തുനിന്നും ലിബർട്ടി സ്ട്രീറ്റിലേക്കുള്ള ബൈപ്പാസ് റോഡാണ് മാലിന്യം തള്ളൽ കേന്ദ്രമായി മാറുന്നത്.
നിലവിൽ ഇവിടെ പൂട്ടുകട്ട വിരിച്ച് നവീകരിച്ചതിനാൽ പ്രഭാത നടത്തത്തിനായും വ്യായാമം ചെയ്യുന്നതിനായും മറ്റും നിരവധിപ്പേർ രാവിലെ എത്തുന്നുണ്ട്. ഇവർക്കൊക്കെ ദുരിതമാകുന്ന രീതിയിലാണ് മാലിന്യം വലിച്ചെറിഞ്ഞ് കടന്നുകളയുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ബോട്ടിൽ ബൂത്തുകളും ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ വീടുകളിൽനിന്നും ഹരിതകർമസേനയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യമടക്കം ശേഖരിക്കുന്നുമുണ്ട്. എന്നിട്ടും സമൂഹവിരുദ്ധർ പ്രദേശവാസികൾക്ക് ബുദ്ധിമുട്ടാകുംവിധം മാലിന്യം തള്ളി കടന്നുകളയുകയാണ്.
മുൻപ് ഇവിടെ ഇരുട്ടായി കിടന്നിരുന്നതിനാൽ മാലിന്യം തള്ളൽ പതിവായിരുന്നു. പിന്നീട് വഴിവിളക്കുകൾ സ്ഥാപിച്ചതിനുശേഷം അല്പം ശമനമുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഇടവേളയ്ക്കുശേഷമാണ് വീണ്ടും മാലിന്യം കൊണ്ടിടുന്നത് പതിവാകുന്നത്.
ഇത്തരം സമൂഹവിരുദ്ധരെ പിടികൂടുന്നതിനായി പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.