മംഗലംഡാം സംഭരണിക്കുള്ളിലൂടെ തോണിയാത്ര തുടരും

മംഗലംഡാം : സംഭരണിക്കുള്ളിലൂടെയുള്ള തോണിയാത്രയ്ക്ക് ലൈസൻസ് നൽകുമെന്ന് ജലസേചന വകുപ്പ് കനാൽ ഓഫീസ് അധികൃതർ ഉറപ്പുനൽകി. നടപടിയുടെ ഭാഗമായി എറണാകുളം കനാൽ ഓഫീസർ എം.ആർ. രഞ്ജിത്ത്, കെ.വി. ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ മംഗലംഡാമിലെത്തി തോണികൾ പരിശോധന നടത്തി. അഞ്ച് തോണിയാണ് പരിശോധിച്ചത്. ലൈസൻസ് അനുവദിക്കുന്നതിൽ തടസ്സമില്ലെന്നും തുടർനടപടി പൂർത്തിയാക്കി ഉടൻ ലൈസൻസ് നൽകുമെന്നും അധികൃതർ അറിയിച്ചു.
തോണിയിൽ സുരക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ടയർരൂപത്തിലുള്ള ലൈഫ്ബോയ്, കയർ എന്നിവ എപ്പോഴും ഉണ്ടാകണമെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. സംഭരണിയുടെ മറുകരയായ അട്ടവാടിയിൽനിന്നുള്ള കുടുംബങ്ങളുടെ പ്രധാന യാത്രാമാർഗം തോണിയാണ്. കുട്ടികൾ സ്കൂളിലേക്ക് പോകുന്നത് തോണിയിലാണ്. തോണിവഴി രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ മംഗലംഡാമിലെത്താം. റോഡുവഴിയാണെങ്കിൽ 13 കിലോമീറ്റർ സഞ്ചരിക്കണം. മൂന്ന് കിലോമീറ്റർ ദൂരം കുണ്ടുംകുഴിയും നിറഞ്ഞ മൺപാതയായതിനാൽ വാഹനങ്ങൾ പോവുകയുമില്ല.
ഈ മാസം എട്ടിന് തോണിയാത്രയ്ക്ക് ജലസേചനവകുപ്പ് അധികൃതർ നിർത്തൽ ഉത്തരവ് നൽകിയതോടെ അട്ടവാടിക്കാരുടെ യാത്രാമാർഗം അടഞ്ഞു. മതിയായ രേഖകളില്ലെന്ന് കാണിച്ചായിരുന്നു നിർത്തൽ ഉത്തരവ്. അതേസമയം ലൈസൻസ് പുതുക്കി ലഭിക്കുന്നതിനായി ഉടമയായ രതീഷ് നേരത്തേ ജലസേചനവകുപ്പിൽ അപേക്ഷ നൽകിയിരുന്നെങ്കിലും അനുമതി നൽകുന്നത് നീളുകയായിരുന്നു.
അൻപത് വർഷത്തിലേറെയായി നടന്നുകൊണ്ടിരുന്ന തോണിയാത്രയ്ക്ക് മുന്നറിയിപ്പില്ലാതെ വിലക്കേർപ്പെടുത്തിയതിനെതിരേ പ്രതിഷേധവും ശക്തമായി. വിഷയം ചൂണ്ടിക്കാട്ടി മാതൃഭൂമി വാർത്തയും നൽകി. ഗ്രാമപ്പഞ്ചായത്തംഗം ഷാജു ആന്റണി, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോബിജോൺ തുടങ്ങിയവർ ഉദ്യോഗസ്ഥരെ നേരിൽക്കണ്ട് അട്ടവാടിക്കാരുടെ യാത്രാദുരിതം ബോധ്യപ്പെടുത്തി. തുടർന്ന്, അധികൃതർ നടപടി വേഗത്തിലാക്കുകയായിരുന്നു.