യുവതിയുടെ 'മുങ്ങിമരണം' കൊലപാതകമെന്ന് പോലീസ്; ആൺസുഹൃത്ത് അറസ്റ്റിൽ

തിരുപ്പൂർ : ജില്ലയിലെ ഗുഡിമംഗലത്തിനുസമീപം ജലസേചന കനാലിൽ യുവതിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ കോയമ്പത്തൂർ നിവാസിയായ ആൺസുഹൃത്ത് കതിരവനെ (38) ഗുഡിമംഗലം പോലീസ് അറസ്റ്റുചെയ്തു. കോയമ്പത്തൂർ രത്തിനപുരി നിവാസി ഗീതയാണ് (40) മരിച്ചത്.

ഭർത്താവ് മരിച്ച ഗീത മെക്കാനിക്കായ കതിരവനുമായി സൗഹൃദത്തിലാവുകയും ഇരുവരും കോയമ്പത്തൂരിൽ ഒരുമിച്ച് താമസിച്ചുവരികയുമായിരുന്നു. ഇതിനിടെ തന്നെ േദ്രാഹിക്കുകയാണെന്ന് പറഞ്ഞ് ഗീത കോയമ്പത്തൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് കതിരവനെ പോലീസ് അറസ്റ്റുചെയ്തു. ഗീത തന്നെ മുൻകൈയെടുത്ത് കതിരവനെ ജാമ്യത്തിൽ ഇറക്കി. ഇതിനിടയിൽ, ഗീതയുടെ അറിവില്ലാതെ കതിരവൻ അവരുടെ ആഭരണങ്ങളിൽ ചിലത് വിറ്റതിനെത്തുടർന്ന് വീണ്ടും വഴക്കുണ്ടായതായി പോലീസ് പറഞ്ഞു.

കാര്യങ്ങൾ സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞ് ഗീതയെയും കൂട്ടി കതിരവൻ കോയമ്പത്തൂർ-തിരുപ്പൂർ ജില്ലാതിർത്തിയിലുള്ള പറമ്പിക്കുളം-ആളിയാർ പദ്ധിതി കനാൽ തീരത്ത് വന്നിരുന്നു. അവിടെ െവച്ച് കതിരവൻ യുവതിയെ വെള്ളത്തിലേക്ക് തള്ളിയിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

സുഹൃത്ത് വെള്ളത്തിൽ കാലിടറി വീണെന്ന് പറഞ്ഞ് ആംബുലൻസ് വിളിച്ചുവരുത്തി. ജില്ലാ പോലീസ് മേധാവി സൃഷ്ടി സിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപതാകമെന്ന് തെളിഞ്ഞത്.

പൊള്ളാച്ചി ആശുപത്രിയിലെത്തിച്ചെങ്കിലും ഗീത മരിക്കുകയായിരുന്നു.