ധാരാപുരം ഉപതിരഞ്ഞെടുപ്പ്: ഓരോ പോളിങ് സ്‌റ്റേഷനിലും രണ്ട് വോട്ടിങ് യന്ത്രങ്ങൾ

തിരുപ്പൂർ : ധാരാപുരം ഉപതിരഞ്ഞെടുപ്പിൽ ഓരോ പോളിങ് സ്‌റ്റേഷനിലും രണ്ടു വോട്ടിങ് യന്ത്രങ്ങൾ വീതം ഉണ്ടായിരിക്കുമെന്ന് അധികൃതർ. മത്സരരംഗത്ത് 22 സ്ഥാനാർഥികളായതോടെയാണിത്. ഒരു യന്ത്രത്തിൽ 16 പേരുകൾ മാത്രമെ ഉൾപ്പെടുത്താനാവൂ. ഇതോടെ മണ്ഡലത്തിലെ പോളിങ് സ്‌റ്റേഷനുകൾക്കായി 384 വോട്ടിങ് യന്ത്രങ്ങൾ കൂടി അനുവദിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ഡോ. എസ്.എൻ. മനീഷ് അരിയിച്ചു.
ആദ്യഘട്ടത്തിൽ നിയോജകമണ്ഡലത്തിലെ 320 പോളിങ് സ്റ്റേഷനുകളിലേക്കായി റിസർവ് യന്ത്രങ്ങൾ ഉൾപ്പെടെ 384 വോട്ടിങ് മെഷീനുകൾ അനുവദിച്ചിരുന്നു. നാമനിർദേശപത്രികകൾ പിൻവലിക്കലിനുശേഷം 22 സ്ഥാനാർഥികളായതോടെയാണ് കൂടുതൽ വോട്ടിങ് യന്ത്രങ്ങൾ അനുവദിച്ചിരിക്കുന്നത്. കൂടുതലായി അനുവദിച്ച യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത പരിശോധന തിരുപ്പൂർ കളക്ടറേറ്റിൽ ആരംഭിച്ചു.
അതിനിടെ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണമോ സമ്മാനങ്ങളോ കടത്തുന്നത് തടയാൻ ധരാപുരം മണ്ഡലത്തിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വാഹന പരിശോധനാ ചെക്‌പോസ്റ്റുകളിൽ കളക്ടർ ഡോ. മനീഷും ജില്ലാ പോലീസ് മേധാവി സൃഷ്ടി സിങ്ങും ചേർന്ന് പരിശോധനകൾ നടത്തി.