ധാരാപുരം ഉപതിരഞ്ഞെടുപ്പിൽ 80.30 ശതമാനം പോളിങ്

തിരുപ്പൂർ : ധാരാപുരം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 80.30 ശതമാനം പോളിങ്. അഞ്ചുമാസം മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 89.96 ശതമാനമായിരുന്നു പോളിങ്. അന്ന് തിരഞ്ഞെടുക്കപ്പെട്ട എ.ഐ.എ.ഡി.എം.കെ.യുടെ പി. സത്യഭാമ വിജയിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ എം.എൽ.എ. സ്ഥാനം രാജിവെച്ച് തമിഴക വെട്രി കഴകത്തിലേക്ക് കൂറുമാറിയിരുന്നു. ഇതേത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഏഴിന് വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളിൽത്തന്നെ പോളിങ് കുതിക്കയായിരുന്നു. ഒൻപതുമണിയോടെ 17.55 ശതമാനവും 11 ആയപ്പോഴേക്ക് 37.28 ശതമാനത്തിലുമെത്തി. ഉച്ചയോടെ 50 ശതമാനംകടന്ന് പോളിങ് മൂന്നുമണിയോടെ 68.08 ശതമാനത്തിലെത്തിയിരുന്നു. ഇത്തവണ 13 സ്വതന്ത്ര സ്ഥാനാർഥികളുൾപ്പെടെ 22 പേരാണ് മത്സരരംഗത്തുള്ളത്. 320 പോളിങ് സ്റ്റേഷനിലായി മൊത്തം 2,23,306 പേർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ഇവരിൽ, 85 വയസ്സിന് മുകളിലുള്ള 992 പേരും ഭിന്നശേഷിക്കാരായ 244 പേരും 150 പോലീസുകാരും കഴിഞ്ഞദിവസങ്ങളിൽ തപാൽവോട്ട് ചെയ്തിരുന്നു.
ടി.വി.കെ. സ്ഥാനാർഥി പി. സത്യഭാമ, ഡി.എം.കെ.യുടെ എസ്. സുകന്യ, അണ്ണാ ഡി.എം.കെ.യുടെ കെ. ഭാനുമതി എന്നിവർ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ തമിഴക വെട്രി കഴകം സ്ഥാനാർഥി പി. സത്യഭാമ കഴിഞ്ഞതവണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വന്ന ചെലവുകളെപ്പറ്റി പറയുന്ന വീഡിയോ വൈറലായിരുന്നു. എന്നാൽ, വീഡിയോയെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അത് ആരോ കൃത്രിമമായി സൃഷ്ടിച്ചതാണെന്നായിരുന്നു സത്യഭാമയുടെ മറുപടി.