കരിമ്പ മുണ്ടനാട് കാട്ടാനകളുടെ സ്ഥിരം താവളമാകുന്നു

കല്ലടിക്കോട് : കരിമ്പ മരുതുംകാട് മുണ്ടനാട് പ്രദേശം കാട്ടാനകൾ സ്ഥിരം താവളമാക്കിയതോടെ പരിസരപ്രദേശങ്ങളിലെ ജനജീവിതം ആശങ്കയിൽ.
പകൽസമയങ്ങളിൽപ്പോലും മുണ്ടനാട് മേഖലയിലെ തോട്ടങ്ങളിൽ കാട്ടാനകൾ വരുന്നതിനാൽ ഇവിടേക്ക് തോട്ടംതൊഴിലാളികളെ ലഭിക്കാത്ത സ്ഥിതിയാണുള്ളത്. പ്രധാനമായും റബ്ബർ, തെങ്ങ്, കവുങ്ങ് തുടങ്ങിയ വിളകളാണ് ഇവിടെ കൃഷിചെയ്യുന്നത്.
ജനവാസംകുറഞ്ഞ ഈ പ്രദേശത്തെ തെങ്ങ്, കവുങ്ങ് തുടങ്ങിയ വിളകൾ ഏതാണ്ട് കാട്ടാനകൾ നശിപ്പിച്ച നിലയിലാണിപ്പോൾ. ചെറുകിട തോട്ടമുടമകൾ പലരും കാട്ടാനശല്യംമൂലം കൃഷിയിടം ഉപേക്ഷിച്ചുപോയി.
ഇതോടെ, കാടുകയറിനിൽക്കുന്ന ഈ തോട്ടങ്ങൾ കാട്ടാനകളുടെ പകൽ ത്താവളങ്ങളായി. ഇരുട്ടാകുന്നതോടെ ഇവ മരുതുംകാട്, ചുള്ളിയാംകുളം, ഇടപ്പറമ്പ്, മൂന്നേക്കർ, പാങ്ങ് പ്രദേശങ്ങളിലേക്കുകടന്ന് കൃഷി നശിപ്പിക്കുന്നത് തുടരുകയാണിപ്പോൾ.
കാർഷികവിളകൾക്കുപുറമേ കൃഷിയിടങ്ങളിലെ സംരക്ഷണഭിത്തികൾ, അതിർത്തി കൈയാലകൾ, ശുദ്ധജല സംഭരണികൾ തുടങ്ങിയവയും കാട്ടാനകൾ ചവിട്ടി നശിപ്പിക്കുകയാണ്. രാത്രികാലത്ത് മരുതുംകാട്_മൂന്നേക്കർ റോഡിലൂടെയുള്ള യാത്ര സാഹസം നിറഞ്ഞതായി.
കാട്ടാനകൾ കൃഷിയിടങ്ങളിലെത്തി വിളനശിപ്പിക്കുന്ന വിവരമറിയിച്ചാൽത്തന്നെ വനംവകുപ്പിന്റെ ദ്രുതകർമ്മസേന എത്തുമ്പോഴേക്കും ഇവ കൃഷിയിടം നശിപ്പിച്ചിട്ടുണ്ടാകും. പടക്കംപൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ഓടിക്കുകമാത്രമാണ് ദ്രുതകർമസേനയ്ക്ക് ചെയ്യാനാവുക.
റബ്ബർ ബുള്ളറ്റുപയോഗിച്ച് ഇവയെ കാടുകയറ്റുന്നതിനായി വനംവകുപ്പ് അധികൃതരുടെ ഇടപെടലുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.