കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: എസ്.എഫ്.ഐ.യ്ക്ക് മുന്നേറ്റം

 വിക്ടോറിയ കോളേജിൽ എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവർത്തകർ തമ്മിൽ ഉന്തുംതള്ളും

പാലക്കാട് : ജില്ലയിൽ കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിലേക്ക് നടന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ. മുന്നേറ്റം. ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 32 കോളേജുകളിൽ 23-ലും വിജയിച്ചതായി എസ്.എഫ്.ഐ. ജില്ലാഭാരവാഹികൾ അവകാശപ്പെട്ടു. ജില്ലയിലെ ഒൻപത് സർക്കാർ കോളേജുകളിലും യൂണിയൻ പിടിച്ചെടുത്തതായും ഭൂരിഭാഗം കോളേജുകളിലും മുന്നേറ്റമുണ്ടാക്കിയതായും ഭാരവാഹികൾ പറഞ്ഞു.

നെന്മാറ എൻ.എസ്.എസ്. കോളേജ്, പറക്കുളം എൻ.എസ്.എസ്. കോളേജ്, തൃത്താല ആസ്പയർ കോളേജ്, തൃത്താല റോയൽ കോളേജ്, അട്ടപ്പാടി ഐ.എച്ച്.ആർ.ഡി. കോളേജ് തുടങ്ങിയിടങ്ങളിൽ യൂണിയൻ പിടിച്ച് നേട്ടമുണ്ടാക്കിയതായി കെ.എസ്.യു. ഭാരവാഹികളും അവകാശപ്പെട്ടു.

പാലക്കാട് ഗവ. വിക്ടോറിയ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർമാൻ ഉൾപ്പെടെ ആറ് ജനറൽ സീറ്റുകൾ എസ്.എഫ്.ഐ. നേടി. കഴിഞ്ഞവർഷം എല്ലാ ജനറൽ സീറ്റുകളും നേടിയിരുന്നു. മൂന്ന് സീറ്റുകൾ കെ.എസ്.യു. ഇത്തവണ തിരിച്ചുപിടിച്ചു. ഫലപ്രഖ്യാപനത്തിനു പിന്നാലെ നടന്ന എസ്.എഫ്.ഐ.യുടെ ആഹ്ലാദപ്രകടനത്തിനിടെ എസ്.എഫ്.ഐ., കെ.എസ്.യു. പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. പോലീസ് ഇടപെട്ട് സംഘർഷം ഒഴിവാക്കി.

ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജ് യൂണിയനിലെ എല്ലാ ജനറൽ സീറ്റുകളിലും എസ്.എഫ്.ഐ. ജയിച്ചു. കഴിഞ്ഞതവണ നഷ്ടമായിരുന്ന ചെയർപേഴ്സൺ സീറ്റും ഇക്കുറി പിടിച്ചെടുത്തു. കഴിഞ്ഞതവണ ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള എസ്.എഫ്.ഐ. സ്ഥാനാർഥിയുടെ നാമനിർദേശപത്രിക തള്ളിപ്പോയിരുന്നു. രണ്ടുവർഷത്തിനുശേഷമാണ് മുഴുവൻ സീറ്റിലും എസ്.എഫ്.ഐ. ജയിക്കുന്നത്.

ചിറ്റൂർ ഗവ. കോളേജിൽ മുഴുവൻ സീറ്റുകളും എസ്.എഫ്.ഐ. തിരിച്ചുപിടിച്ചു. കഴിഞ്ഞവർഷം ചെയർമാൻ സ്ഥാനമുൾപ്പെടെ അഞ്ച് സീറ്റുകളിൽ എസ്.എഫ്.ഐ.യും നാല് സീറ്റുകളിൽ കെ.എസ്.യു.വുമാണ് ജയിച്ചത്.

പത്തിരിപ്പാല ഗവ. കോളേജിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ. വിജയിച്ചു. കഴിഞ്ഞതവണ കെ.എസ്.യു.വിനുണ്ടായിരുന്ന ചെയർമാൻസ്ഥാനവും പിടിച്ചെടുത്തു.

നെന്മാറ എൻ.എസ്.എസ്. കോളേജിൽ മുഴുവൻ ജനറൽ സീറ്റിലും കെ.എസ്.യു. വിജയിച്ചു. അട്ടപ്പാടി ഐ.എച്ച്.ആർ.ഡി. കോളേജിൽ അഞ്ചുവർഷത്തിനുശേഷം യൂണിയൻ കെ.എസ്.യു. തിരിച്ചുപിടിച്ചു. എം.ഇ.എസ്. കല്ലടി (ഓട്ടോണമസ്) കോളേജിൽ മുഴുവൻ സീറ്റുകളും എം.എസ്.എഫ്. നേടി. ഇതോടെ കഴിഞ്ഞവർഷം ഇവിടെ നഷ്ടപ്പെട്ട യൂണിയൻ തിരിച്ചുപിടിക്കാനുമായി.

പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ.ക്ക് ജയം. രണ്ട് യു.യു.സി. സീറ്റുകളിൽ ഒരെണ്ണം എസ്.എഫ്.ഐ.യും ഒരെണ്ണം യു.ഡി.എസ്.എഫും നേടി. ഏഴ്‌ ജനറൽ സീറ്റുകളിൽ എസ്.എഫ്.ഐ. ജയിച്ചു.