10 അടിയിൽ കൂടുതൽ ഉയരത്തിലുള്ള ഗണേശവിഗ്രഹങ്ങൾ അനുവദിക്കില്ല

ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടിക്കാൻ പാടില്ലെന്നും കളക്ടർ
തിരുപ്പൂർ : ജില്ലയിലെ വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ 10 അടിയിൽ കൂടുതൽ പൊക്കത്തിലുള്ള ഗണേശവിഗ്രഹങ്ങൾ വെക്കാൻ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ ഡോ. എസ്.എൻ. മനീഷ്.
ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയന്ത്രണങ്ങളും വിശദീകരിക്കുന്നതിനായി തിരുപ്പൂർ കളക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെയും മറ്റും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഗ്രഹങ്ങളുടെ നിമജ്ജന ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടിക്കാൻ പാടില്ല. വിഗ്രഹങ്ങൾ വെച്ചിരിക്കുന്ന പൊതുയിടങ്ങളിൽ ഉയർന്ന ഡെസിബെൽ ശബ്ദം പുറപ്പെടുവിക്കുന്ന കോൺ രൂപത്തിലുള്ള സ്പീക്കറുകൾ, രാഷ്ട്രീയ പാർട്ടികളുടെയും മത സംഘടനകളുടെയും പതാകകൾ തുടങ്ങിയവ ഉപയോഗിക്കാൻ പാടില്ല. രാവിലെയും വൈകിട്ടുമുള്ള പൂജാസമയത്ത് മാത്രമേ മൈക്ക് ഉപയോഗിക്കാവൂ.
വിഗ്രഹങ്ങൾ നിമജ്ജനത്തിനായി കൊണ്ടുപോകുന്നതിന് വാൻ, ലോറി എന്നിവയല്ലാതെ കാളവണ്ടി, മീൻ കൊണ്ടുപോകുന്നതിനുള്ള വാഹനം എന്നിവ ഉപയോഗിക്കരുതെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.
ജില്ലാ പോലീസ് മേധാവി സൃഷ്ഠി സിങ്, ഡെപ്യൂട്ടി പോലീസ് കമ്മിഷണർമാരായ ആകാശ് ജോഷി, എം. രാജരാജൻ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.