സെൽവചിന്താമണി തടാകത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി

കോയമ്പത്തൂർ : സെൽവചിന്താമണി തടാകത്തിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത് ആശങ്കയുളവാക്കുന്നു. കഴിഞ്ഞദിവസം പ്രദേശവാസികളാണ് മത്സ്യങ്ങൾ ചത്തത് കാണുന്നത്. തടാകത്തിലേക്ക് ഒഴുകിയെത്തുന്ന മലിനജലം മൂലമാണ് മത്സ്യങ്ങൾ ചത്തതെന്ന് പറയുന്നു.
കോയമ്പത്തൂർ നഗരപരിധിയിലെ മിക്ക തടാകങ്ങളിലും വലിയതോതിൽ മലിനജലം കലരുന്നുണ്ടെന്നും ഇതുമൂലം മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് പതിവാണെന്നും കോവൈ കുളങ്ങൾ പാതുകാപ്പ് സംഘം ഭാരവാഹി ആർ. മണികണ്ഠൻ പറഞ്ഞു. തടാകങ്ങളിലേക്ക് മലിനജലം ഒഴുക്കുന്നത് തടയാൻ കോർപറേഷൻ അധികൃതർ ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സെൽവചിന്താമണി ഉൾപ്പെടെ നഗരത്തിലെ പ്രധാന തടാകങ്ങളിലെ കൈയേറ്റം തടയാനും തടാകങ്ങളിലേക്ക് മലിനജലം ഒഴുക്കുന്നത് പരിശോധിക്കാനും അടുത്തിടെ മദ്രാസ് ഹൈക്കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചിരുന്നു.
കമ്മിഷൻ തടാകങ്ങൾ പരിശോധിക്കാൻ ഉടനെത്തുമെന്നാണ് പറയുന്നത്. ഇതിനിടയിലാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയിരിക്കുന്നത്. നഗരത്തിലെ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ പെരിയകുളം, വാലാംകുളം, സെൽവചിന്താമണി കുളം തുടങ്ങിയ തടാകങ്ങളിലേക്ക് സംസ്കരിക്കാതെ ഒഴുക്കിവിടുന്നതായി നേരത്തെ ആക്ഷേപമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജിയിലാണ് ഹൈക്കോടതി അഭിഭാഷക കമ്മിഷനെ നിയോഗിക്കാൻ ഉത്തരവിട്ടത്.