70 ലക്ഷംരൂപ വിലമതിക്കുന്ന 1.75 ഏക്കർ ക്ഷേത്രഭൂമി തിരിച്ചുപിടിച്ചു

തിരുപ്പൂർ : ജില്ലയിലെ ചെങ്കോട്ടംപാളയത്ത് കൈയേറ്റം നടത്തിയ 70 ലക്ഷംരൂപ വിലമതിക്കുന്ന 1.75 ഏക്കർ ക്ഷേത്രഭൂമി ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പ് ഉദ്യോഗസ്ഥർ തിരിച്ചുപിടിച്ചു. കാങ്കയത്തിനുസമീപം മുത്തൂരിലുള്ള പുരാതനമായ പെരിയനായകിയമ്മൻ ചോഴീശ്വരക്ഷേത്രത്തിന് സ്വന്തമായ ഭൂമിയാണ് തിരിച്ചുപിടിച്ചത്. കൈയേറ്റം നടത്തിയ ക്ഷേത്രഭൂമി ഉടൻ കണ്ടെത്തി തിരിച്ചുപിടിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ-പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടപടി.

പോലീസ് സഹായത്തോടെ അനധികൃത നിർമാണങ്ങൾ നീക്കിയശേഷം ജോയിന്റ് കമ്മിഷണർ ഹർഷിണിയുടെയും സ്‌പെഷ്യൽ തഹസിൽദാർ രവീന്ദ്രന്റെയും നേതൃത്വത്തിൽ നിലം അളന്ന്‌ തിട്ടപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഉടമസ്ഥാവകാശ ബോർഡ് സ്ഥാപിച്ചു. വീണ്ടും ആരെങ്കിലും കൈയേറാൻ ശ്രമിച്ചാൽ അവർക്കെതിരേ ക്രിമിനൽനടപടി എടുക്കുമെന്ന താക്കീതും ബോർഡിൽ എഴുതിയിട്ടുണ്ട്.