ആറ്റാശ്ശേരി ഖാദി നൂൽനൂൽപ്പ്-നെയ്ത്ത് കേന്ദ്രം തകർച്ചാഭീഷണിയിൽ

കരിമ്പുഴ : പതിറ്റാണ്ടുകളായി ഒട്ടേറെ കുടുംബങ്ങൾക്ക് ഉപജീവനമാർഗമായിരുന്ന ആറ്റാശ്ശേരി ഖാദി നൂൽനൂൽപ്പ്-നെയ്ത്ത് കേന്ദ്രം തകർച്ചാഭീഷണിയിൽ. കെട്ടിടം ജീർണാവസ്ഥയിലായതോടെ മഴപെയ്താൽ ചോർന്നൊലിക്കുന്നതും ചുമരുകളിൽ വൈദ്യുതി പ്രവഹിക്കുന്നതും തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നു.
1984-ൽ ഉദ്ഘാടനംചെയ്ത കേന്ദ്രം, കുടിയേറ്റ കർഷകനായ പാപ്പച്ചി സൗജന്യമായി വിട്ടുനൽകിയ ഒരേക്കറോളം സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ തൊഴിലാളികൾ ഇവിടെ ജോലിചെയ്യുന്നുണ്ട്. കാലപ്പഴക്കംചെന്ന കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ പൊട്ടിയതിനാലും മേൽത്തട്ട് ഇല്ലാത്തതിനാലും ചെറിയൊരു മഴപെയ്താൽപ്പോലും ഉള്ളിലേക്ക് വെള്ളം ഒലിച്ചിറങ്ങുമെന്ന് പൊതുപ്രവർത്തകനായ കുട്ടൻ പറഞ്ഞു.
മഴയിൽ ചുമരുകൾ കുതിർന്നു നിൽക്കുന്നതിനാൽ കെട്ടിടത്തിൽ വൈദ്യുതാഘാതമേൽക്കാനുള്ള സാധ്യത കൂടുതലാണ്. മഴപെയ്താൽ ചർക്ക ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിവെച്ചശേഷമാണ് തൊഴിലാളികൾ വീടുകളിലേക്ക് മടങ്ങുന്നത്. ഭാരമുള്ള നെയ്ത്ത് ഉപകരണങ്ങൾ മാറ്റാൻ കഴിയാത്തതിനാൽ അവ വെള്ളംകയറി നശിക്കുകയാണ്. റോഡിൽ നിന്നുള്ള മഴവെള്ളം ഒഴുകി കേന്ദ്രത്തിലേക്കും പരിസരത്തേക്കും എത്തുന്നതും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തൊഴിലിൽ തുടരാനാവാത്ത അവസ്ഥയാണ് നിലവിലെന്ന് തൊഴിലാളികൾ പറഞ്ഞു.
ഖാദി ബോർഡിന്റെ വശത്തായി സംരക്ഷണഭിത്തി കെട്ടുകയും ഓവുപാലം നിർമിക്കുകയും വേണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. പുതിയ കെട്ടിടം നിർമിക്കണമെന്നും ആവശ്യമുണ്ട്.
ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുനർനിർമിക്കുക അസാധ്യമാണെന്ന് വാർഡ് അംഗം ഷാഹുൽ ഹമീദ് പറഞ്ഞു. പുതിയ കെട്ടിടം നിർമിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി വിവിധ വകുപ്പുകളിലെ മന്ത്രിമാർക്ക് കത്ത് നൽകിയതായി അദ്ദേഹം പറഞ്ഞു.
ഒരേക്കറോളം സ്ഥലമുള്ളതിനാൽ പുതിയ കെട്ടിടംനിർമിച്ചാൽ മറ്റ് ചെറുകിട വ്യവസായ സംരംഭങ്ങളും ഇവിടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.