തൃക്കടീരി പി.ടി.എം. സ്കൂളിന്റെ മട്ടുപ്പാവിലുണ്ട് കൺകുളിർക്കും ചെണ്ടുമല്ലിത്തോട്ടം

ചെർപ്പുളശ്ശേരി : തൃക്കടീരി പി.ടി.എം. ഹയർസെക്കൻഡറി സ്കൂളിന്റെ മട്ടുപ്പാവിലുണ്ട്, കൺകുളിർക്കും ചെണ്ടുമല്ലിത്തോട്ടം. ആഫ്രിക്കൻ മാരി ഗോൾഡ് ഇനത്തിൽപ്പെട്ട ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ചെണ്ടുമല്ലിയുടെ മുന്നൂറോളം തൈകളാണ് ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ചത്. ഓണത്തിനുമുൻപുതന്നെ പൂക്കൾ വിരിഞ്ഞുതുടങ്ങി.

ചെണ്ടുമല്ലി കൂടാതെ നൂറിലധികം ഔഷധസസ്യങ്ങളും വിവിധതരം പച്ചക്കറികളും ഈ മട്ടുപ്പാവിലുണ്ട്. ഉത്‌പാദിപ്പിക്കുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനാണ് ഉപയോഗിക്കുന്നു.

ഔഷധസസ്യങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് പഠിക്കാൻ അവയുടെ ശാസ്ത്രീയനാമം, ഗുണങ്ങൾ, ഉപയോഗം, ഉത്ഭവം എന്നിവ രേഖപ്പെടുത്തിയ പോസ്റ്ററുകളും ചെടികൾക്കുസമീപം പ്രദർശിപ്പിച്ചിട്ടുണ്ട്.

2500-ലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി വ്യാഴാഴ്ച മട്ടുപ്പാവ് തോട്ടത്തിൽ പ്രത്യേക ഫോട്ടോഷൂട്ടും സംഘടിപ്പിച്ചു.

സ്കൂളിലെ ഹരിത ക്ലബ്ബിന്റെ മേൽനോട്ടത്തിലാണ് ചെണ്ടുമല്ലിയും പച്ചക്കറി-ഔഷധസസ്യങ്ങളും പരിപാലിക്കുന്നത്. ദിവസവും ക്ലാസ് ആരംഭിക്കുന്നതിനു മുൻപ് അധ്യാപകരും വിദ്യാർഥികളും തോട്ടത്തിലെത്തും. തോട്ടത്തിലെ രാവിലത്തെ സന്ദർശനം കുട്ടികൾക്കും അധ്യാപകർക്കും ഉന്മേഷവും പുതിയൊരു ഊർജവുമാണ് നൽകുന്നതെന്ന് പ്രധാനാധ്യാപിക എം.വി. സുധ പറഞ്ഞു.

ഹരിത ക്ലബ് കൺവീനർ കരീം അലനല്ലൂർ, അധ്യാപകരായ എം. സതീദേവി, സി. ഡാലിയ, കെ. ലക്ഷ്മിദേവി, പി. ബാബുരാജ്, ഇബ്രാഹിം മേനക്കം, ടി.പി. രേഷ്മ, കെ. ലുബൈബ എന്നിവരാണ് ഹരിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്നത്.