ചെന്നൈയിൽ ഇന്ത്യസഖ്യത്തിന്റെ പ്രതിഷേധം; ഒപ്പം ചേർന്ന് ടി.വി.കെ.

ചെന്നൈ : മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ചെന്നൈയിൽ വ്യാഴാഴ്ച ഇന്ത്യസഖ്യം പ്രതിഷേധറാലി നടത്തി. മുഖ്യമന്ത്രി ജോസഫ് വിജയ്‌ന്റെ ടി.വി.കെ. ആദ്യമായി ഇന്ത്യസഖ്യത്തിന്റെ സമരത്തിൽ പങ്കാളിയായി.

‘ജനാധിപത്യം സംരക്ഷിക്കാം’ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ മാണിക്കം ടാഗോറിന്റെ അധ്യക്ഷതയിൽ ചെന്നൈ എഗ്‍മോറിൽനടന്ന റാലിയിൽ സി.പി.എം., സി.പി.ഐ., മുസ്‌ലിംലീഗ്, വി.സി.കെ., എം.ഡി.എം.കെ. എന്നിവയുടെ സംസ്ഥാന നേതാക്കൾ പങ്കെടുത്തു. സംസ്ഥാന സ്കൂൾ വിദ്യാഭ്യാസമന്ത്രി എ. രാജ്‌മോഹനാണ് ടി.വി.കെ.യെ പ്രതിനിധാനംചെയ്തത്. എന്നാൽ, പരിപാടിയിൽ ടി.വി.കെ പ്രവർത്തകരുടെ സാന്നിധ്യം കാര്യമായുണ്ടായില്ല.

ഇന്ത്യസഖ്യത്തിലെ പ്രബലകക്ഷിയായിരുന്ന ഡി.എം.കെ.യും കോൺഗ്രസും വഴിപിരിഞ്ഞതോടെയാണ് ടി.വി.കെ. സഖ്യത്തിലെത്തിയത്.

ഈ മാസമാദ്യം ചെന്നൈയിൽനടന്ന സഖ്യയോഗത്തിൽ മന്ത്രിമാരായ ആധവ് അർജുനയും മരിയ വിൽസണും പങ്കെടുത്തിരുന്നു. അന്നത്തെ യോഗതീരുമാനമനുസരിച്ചാണ് വ്യാഴാഴ്ച ചെന്നൈയിൽ പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്. അന്തിമജയം ജനാധിപത്യത്തിനായിരിക്കുമെന്ന് സമരപരിപാടിയിൽ ടി.വി.കെ.യുടെ സാന്നിധ്യത്തെ പരാമർശിച്ച് വി.സി.കെ നേതാവ് എസ്.എസ്. ബാലാജി പറഞ്ഞു.

കോൺഗ്രസിനൊപ്പം സമരപരിപാടികളിൽ പങ്കെടുക്കുന്നില്ലെങ്കിലും തിരഞ്ഞെടുപ്പുകമ്മിഷനെതിരേ സി.ജെ.പി. നടത്തുന്ന സമരത്തിന് പാർട്ടിയുടെ പിന്തുണയുണ്ടെന്ന് ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പറഞ്ഞിട്ടുണ്ട്.

സി.ജെ.പി. പ്രവർത്തകർക്ക് നിയമസഹായം നൽകാൻ ഡി.എം.കെ. തയ്യാറാണെന്നും സ്റ്റാലിൻ അറിയിച്ചു.

സി.ജെ.പി. സ്ഥാപകനേതാവ് അഭിജീത് ദീപ്‌കെ സ്റ്റാലിന്റെ പിന്തുണയ്ക്ക് നന്ദി പറയുകയും ചെയ്തു.