പുൽക്കാടുകൾ പടർന്നുപിടിച്ച് ഗ്രാമീണ റോഡുകൾ

യാത്ര ദുരിതം

കൊപ്പം : വിളയൂർ, കൊപ്പം പഞ്ചായത്തുകളിൽ ഗ്രാമീണ റോഡുകളിലേക്ക് പുൽക്കാടുകൾ പടർന്നുകയറിയത് യാത്രക്കാരെ പ്രയാസത്തിലാക്കുന്നു. കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.

വിളയൂർ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ ഉൾപ്പെടുന്ന കരിപ്പമണ്ണ-വെളളാടത്ത് കുന്ന് റോഡിനിരുവശവും പുല്ലുകൾ വലിയ തോതിൽ പടർന്നുകഴിഞ്ഞു. ചെറുവാഹനങ്ങൾക്ക് പോകാൻ മാത്രമാകുന്ന റോഡിലേക്ക് തള്ളിയാണ് ഇവയുള്ളത്. കുട്ടികൾ അടക്കമുളളവർക്ക് ഇതിലൂടെ നടന്നുപോകാൻ പേടിയാണ്. ഇഴജന്തുകളുടെയും തെരുവുനായകളുടെ ശല്യവും കൂടുന്നുണ്ട്. പഞ്ചായത്തിലെ പല ഗ്രാമീണറോഡുകളിലും സമാനമായ സ്ഥിതിയാണുള്ളത്.

​വാർഡുകൾ കേന്ദ്രീകരിച്ച് ശുചിത്വ പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും പുല്ല് വെട്ടിമാറ്റാനാവശ്യമായ ഫണ്ടിന്റെ അപര്യാപ്തയാണ് പലയടിത്തും പ്രശ്‌നം.

ജനകീയ കൂട്ടായ്മയിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നത്. പ്രധാന പാതയോരങ്ങളിലെ പുൽകാടുകൾ പോലും പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് വെട്ടിമാറ്റുന്നത്. എന്നാൽ ഗ്രാമീണ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ഫണ്ട് ലഭ്യമാവാത്ത സ്ഥിതിയുണ്ടെന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.