കാനഡയ്‌ക്ക് ‘ഒളിച്ചോടിയ’ മൊബൈൽ ഫോണിനെ പത്തനംതിട്ടയിൽനിന്ന് കണ്ടെത്തി

ഒറ്റപ്പാലം: മൂന്നുവർഷംമുമ്പ് നഷ്ടമായ മൊബൈൽഫോൺ, ഉടമയ്ക്ക് തിരികെ ലഭിച്ചത് ഉലകംചുറ്റിയശേഷം. ഡൽഹിയിൽനിന്നുള്ള തീവണ്ടിയാത്രയ്ക്കിടെ നഷ്ടമായ, മംഗലാംകുന്ന് സ്വദേശിയുടെ ഫോൺ കാനഡവരെയെത്തി. അവിടെനിന്ന് പത്തനംതിട്ടയിലെത്തിയ ശേഷമാണ് തിരികെ കിട്ടിയത്.
കരസേനയിൽ ക്ലാർക്കായ മംഗലാംകുന്ന് പങ്ങത്തൊടി വിപിന്റെ ഫോണാണ് ഒറ്റപ്പാലംപോലീസ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ സഞ്ചാർ സാഥി (സി.ഇ.ഐ.ആർ) പോർട്ടൽ സംവിധാനത്തിലൂടെ വീണ്ടെടുത്തത്. 2023 ജൂണിൽ അവധിക്ക് ഡൽഹിയിൽനിന്ന് ഷൊർണൂരിലേക്ക് വരുകയായിരുന്നു വിപിൻ. രാജധാനി എക്‌സപ്രസ് തീവണ്ടിയിൽ സഞ്ചരിക്കുന്നതിനിടെ പനവേലിനും രത്‌നഗിരിക്കും ഇടയിൽവെച്ചാണ് ഫോൺ നഷ്ടമായത്. തുടർന്ന് ഷൊർണൂർ സ്റ്റേഷനിൽ ആർ.പി.എഫിൽ പരാതി നൽകി. ഒപ്പം സഞ്ചാർസാഥി പോർട്ടലിൽ രത്‌നഗിരി സ്‌റ്റേഷൻ കേന്ദ്രമാക്കി കേസ് രജിസ്റ്റർചെയ്തു. എന്നാൽ, ഫലമുണ്ടായില്ല.
ഇത്തവണ നാട്ടിൽവന്നപ്പോൾ ഓഗസ്റ്റ് 17-ന് ഒറ്റപ്പാലം പോലീസ് കേന്ദ്രമാക്കി വീണ്ടും സഞ്ചാർസാഥിയിൽ രജിസ്റ്റർ ചെയ്തു. കുറച്ചുദിവസങ്ങൾക്കുമുമ്പ് മൊബൈൽഫോൺ പത്തനംതിട്ടയിൽ ഓണായതായി സഞ്ചാർസാഥിയിൽനിന്ന് സന്ദേശമെത്തി. ആ ഫോണിലുള്ള നമ്പറിൽ വിളിച്ചപ്പോഴാണ് പോലീസിന് കാര്യങ്ങൾ വ്യക്തമായത്.
കാനഡയിൽ ഒരു ഉത്തരേന്ത്യക്കാരനിൽനിന്നാണ് ഫോൺ പത്തനംതിട്ടസ്വദേശി പണംനൽകി വാങ്ങിയത്. അവിടെ ഉപയോഗിക്കയും ചെയ്തു. പിന്നീട് പത്തനംതിട്ടയിൽ തിരിച്ചെത്തിയപ്പോൾ അമ്മയ്ക്ക് ഉപയോഗിക്കാൻ നൽകി. തുടർന്ന് കേരളത്തിലെ സിംകാർഡിട്ടപ്പോഴാണ് യഥാർഥ ഉടമയ്ക്ക് സന്ദേശം ലഭിച്ചത്. ഒപ്പം ഫോൺ ബ്ലോക്കാവുകയും ചെയ്തു. തുടർന്ന് പോലീസ് ബന്ധപ്പെട്ടപ്പോൾ ഇയാൾ ഫോൺ കൈമാറുകയായിരുന്നു. പോലീസ് ഫോൺ വിപിന് കൈമാറി.
പോലീസിന് നന്ദി എന്നറിയിച്ച് വിപിൻ ഒരു ഇ-മെയിൽ സന്ദേശവും നൽകി. പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. ജോബി കുര്യാക്കോസാണ് അന്വേഷണച്ചുമതലയിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ 50-ലേറെ ഫോണുകളാണ് ഒറ്റപ്പാലം പോലീസ് വീണ്ടെടുത്ത് യഥാർഥ ഉടമകൾക്ക് കൈമാറിയത്. കീഴൂരിൽ കളഞ്ഞുപോയ ഫോൺ സൗദി അറേബ്യയിൽനിന്ന് കണ്ടെത്തി വീണ്ടെടുത്ത സംഭവവുമുണ്ടായിരുന്നു.