പണി പൂർത്തിയാക്കാത്ത പെരിങ്ങോട്-കൂറ്റനാട് റോഡ്

മൂന്നരക്കിലോമീറ്ററിന് അനുവദിച്ചത് നാലരക്കോടി രൂപ, രണ്ടരവർഷമായിട്ടും പണി തീർന്നില്ല

കൂറ്റനാട് : നാഗലശ്ശേരി പഞ്ചായത്തിലെ ഏറ്റവും പ്രധാനപാതയായ പെരിങ്ങോട്-കൂറ്റനാട് റോഡ് രണ്ടരവർഷത്തോളമായി നവീകരണം തുടങ്ങിയിട്ട്. ഏതുകാലത്തും നാഗലശ്ശേരി പഞ്ചായത്തിലുള്ളവർ ആക്ഷേപംമാത്രം പറയാറുള്ള ഈ പാത ബി.എം., ബി.സി. മാതൃകയിൽ പെരിങ്ങോട് താഴത്തെ സെന്റർമുതൽ കൂറ്റനാട് വരെ ആധുനികരീതിയിൽ നവീകരിക്കാൻ മുൻ സർക്കാർ നാലരക്കോടിരൂപയാണ് അനുവദിച്ചത്. രണ്ടരവർഷമായിട്ടും ജനങ്ങളുടെ പ്രതീക്ഷ വെറുതെയായി. മൂന്നരക്കിലോമീറ്ററിൽ പലേടത്തും പണി പകുതിയാക്കി നിർത്തിവെച്ചിരിക്കയാണ്.

കുടിവെള്ളപൈപ്പ് സ്ഥാപിക്കാനും ഓവുപാലങ്ങളുടെ നിർമാണം, അഴുക്കുചാൽ നിർമാണം എന്നിവയ്ക്കാ‌യി ഒരുവർഷത്തിലധികമാണെടുത്തത്. ഇപ്പോഴും അഴുക്കുചാൽനിർമാണം എവിടെയും എത്തിയിട്ടില്ല.

പൊടിശല്യത്താൽ പൊറുതിമുട്ടിയ ജനം ആവലാതികളുമായി രംഗത്തെത്തിയതോടെ താത്കാലികമായി ടാറിങ് നടത്തി. ബി.എം.ബി.സി. മാതൃകയിൽ ചെയ്യേണ്ട ടാറിങ്ങാണ്‌ നടന്നത്. ബി.സി. വർക്ക് ഇനിയും നടക്കാനുണ്ട്. ഓവുപാലങ്ങളുടെ നിർമാണം ഭാഗികമായി മാത്രമേ പൂർത്തിയായിട്ടുള്ളൂ. വാഹനങ്ങൾ ഓവുപാലങ്ങൾക്ക്‌ സമീപമെത്തിയാൽ വലിയ കുഴികളിൽച്ചാടി യാത്രക്കാരുടെ നടുവൊടിയും.

2023-ൽ കരാറെടുത്ത കാവശ്ശേരിയിലെ കമ്പനിക്കാർ ഏതാണ്ട് 30 ശതമാനം പണി പൂർത്തിയാക്കുകയും പിന്നീട് ഇവർ നിർമാണത്തിൽനിന്ന് പിന്മാറുകയുമായിരുന്നു. തുടർന്ന്, മൂന്നേകാൽ കിലോമീറ്റർ നവീകരണജോലി ഏറ്റെടുത്തത് മലബാർ ടെക് എന്ന കമ്പനിയാണ്.

ബാക്കിവരുന്ന പെരിങ്ങോട് താഴത്തെ സെൻറർവരെയുള്ള ഭാഗവും പാലങ്ങളുമെല്ലാം കെൽ എന്ന കമ്പനിയാണ് കരാറേറ്റെടുത്തത്. ഇവർ മറ്റൊരു സ്വകാര്യവ്യക്തിക്ക് പാലത്തിന്റെയും അവശേഷിക്കുന്ന മറ്റു റോഡിന്റെ ടാർവർക്കുകളും കൈമാറുകയാണുണ്ടായത്.

2026 മാർച്ചിനുമുൻപ് എല്ലാ പ്രവൃത്തിയും പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തുമെന്നാണ് മുൻപ് പറഞ്ഞിരുന്നത്. എന്നാൽ, ഈ രണ്ട്‌ സ്വകാര്യ കമ്പനികളും ഉദ്യോഗസ്ഥരും മാസങ്ങളായി ഈ പാതയുടെ നവീകരണം പൂർത്തിയാക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചുകാണുന്നില്ല. പെരിങ്ങോട് താഴത്തെ സെൻറർമുതൽ മേലേ സെൻറർവരെ റോഡ് കുണ്ടുംകുഴികളുമായാണ് കിടക്കുന്നത്. വാഹനങ്ങൾ കുഴിയിൽച്ചാടുന്നതോടെ ഇവിടെ എന്നും വലിയ ട്രാഫിക് തടസ്സമാണനുഭവപ്പെടുന്നത്.ഓവുപാലങ്ങളുടെ മേൽഭാഗത്ത് ടാറിങ് നടക്കാത്തതിനാൽ വണ്ടികളെല്ലാം കുഴികളിൽച്ചാടുന്നതും അപകടത്തിൽപ്പെടുന്നതും പതിവാണ്.

അടുത്തുതന്നെ അവശേഷിക്കുന്ന പണി പൂർത്തിയാക്കാൻ ശ്രമിക്കുമെന്നാണ് കെൽ കമ്പനി പറയുന്നത്. നിലവിൽ റോഡുപണിക്കാവശ്യമായ അസംസ്കൃത വസ്തുക്കൾക്ക് ക്ഷാമമുള്ളതായും വില വർധിച്ചതായും ഇവർ പറയുന്നു. പാലത്തിന്റെയും അതിന്റെ മുകൾഭാഗത്തെ ടാറിങ് പ്രവൃത്തിയും പൂർത്തീകരിച്ചാൽ എത്രയും പെട്ടെന്ന് അവശേഷിക്കുന്ന പണി ചെയ്തുതീർക്കാൻ ശ്രമിക്കുമെന്നാണ് മലബാർ ടെക് കമ്പനിക്കാർ പറയുന്നത്.

നാഗലശ്ശേരി പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡാണ് കൂറ്റനാട്-പെരിങ്ങോട് പാത.