മധുക്കര മരപ്പാലം പണി തീരാൻ ഇനിയും കാത്തിരിക്കണം

പാലക്കാട് റോഡിലെ യാത്രാദുരിതത്തിന് മാറ്റമില്ല

കോയമ്പത്തൂർ : കോയമ്പത്തൂർ-പാലക്കാട് റോഡിൽ മധുക്കര മരപ്പാലത്തെ റെയിൽവേ അടിപ്പാത നാലുവരിയാക്കുന്ന പ്രവൃത്തികൾ നടക്കുന്നുണ്ടെങ്കിലും പൂർത്തിയാവാൻ ഇനിയും മാസങ്ങളെടുക്കും. ഒരുവർഷംകൊണ്ട് പൂർത്തിയാക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നെങ്കിലും റെയിൽവേ ഭാഗത്തിന്റെ പണികൾ മാത്രമാണ് നല്ല രീതിയിൽ പുരോഗമിക്കുന്നത്.

2025 ഒക്ടോബറിലാണ് മരപ്പാലം വീതികൂട്ടൽ പണികൾ തുടങ്ങിയത്. അന്നുമുതൽ ഇതുവഴി പാലക്കാട് റോഡിലേക്കുള്ള ഗതാഗതം നിർത്തിവെച്ചു. പകരം പാലക്കാട് ഭാഗത്തേക്കും തിരിച്ചുമുള്ള ഗതാഗതം സുന്ദരാപുരം വഴിയും മധുക്കര മാർക്കറ്റ് റോഡ് വഴിയുമാക്കി.

മരപ്പാലം അടിപ്പാതയിലെ റെയിൽവേ ട്രാക്ക് കടന്നുപോകുന്ന ഭാഗം 82 മീറ്റർ വീതിയിൽ ഇരുവശത്തേക്കും രണ്ടുവരിയെന്ന രീതിയിലാണ് നാലുവരിപ്പാത നിർമിക്കുന്നത്. ഇതിൽ 50 ശതമാനം പ്രവൃത്തികൾ പൂർത്തിയായി. ഒരുവശത്തേക്കുള്ള ഭാഗം കോൺക്രീറ്റ് കഴിഞ്ഞു. രണ്ടാമത്തെ ഭാഗത്തിന്റെ പണികൾ പുരോഗമിക്കുകയാണ്.

റെയിൽവേയുടെ ഭാഗം പൂർത്തിയാവാൻ തന്നെ ഇനിയും മാസങ്ങൾ വേണ്ടിവരും. തീവണ്ടി ഗതാഗതത്തെ ഒരുതരത്തിലും ബാധിക്കാത്ത വിധത്തിലാണ് നിർമാണം നടക്കുന്നത്.

മരപ്പാലത്തെ പുതിയ അടിപ്പാതയ്‌ക്കൊപ്പം ഇരുവശത്തുമായി 750 മീറ്ററിൽ നാലുവരിപ്പാത നിർമിക്കുന്നുണ്ട്. സംസ്ഥാന ഹൈവേ വകുപ്പാണ് ഇതു ചെയ്യുന്നത്. റോഡ് നിർമാണത്തിനും സ്ഥലമെടുപ്പിനുമായി 102 കോടിയാണ് ഹൈവേ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. പാലത്തിന്റെ രണ്ടുവശത്തുമായി ഏകദേശം 4,700 ചതുരശ്ര മീറ്റർ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഇതിനുമാത്രമായി 17 കോടി വേണം. എന്നാൽ റോഡിന്റെ പണികളൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല.

മരപ്പാലം അടച്ചതോടെ പാലക്കാട് ഭാഗത്തേക്കുള്ള യാത്ര കഴിഞ്ഞ ഒരുവർഷമായി ദുരിതപൂർണമാണ്. സുന്ദരാപുരം വഴി പോകുമ്പോൾ സമയം കൂടുതലെടുക്കുന്നത് മാത്രമല്ല എന്നും ഗതാഗതക്കുരുക്കും പതിവാണ്.

കോയമ്പത്തൂർ-പാലക്കാട് യാത്രയ്ക്ക്‌ ഒന്നോകാർ മണിക്കൂർ എടുത്തിരുന്നത് ഇപ്പോൾ ഒന്നര മുതൽ രണ്ടു മണിക്കൂർ വരെ വേണ്ടിവരുന്നുണ്ട്.