പുഴുശല്യത്തിൽ വലഞ്ഞ് ടാപ്പിങ് തൊഴിലാളികൾ

കുളപ്പുള്ളി : റബ്ബർ ടാപ്പിങ് തൊഴിലാളികൾക്ക് ദുരിതമായി തോട്ടങ്ങളിൽ പുഴുശല്യം. മൂന്നുമാസത്തിലേറെയായി തോട്ടങ്ങളിൽ പുഴുശല്യം തുടങ്ങിയിട്ട്.
റബ്ബർമരത്തിലും പ്ലാസ്റ്റിക് കവറിങ്ങുകളിലും ചിരട്ടകളിലുമെല്ലാം പുഴുക്കൾ പറ്റിപ്പിടിച്ചിരിക്കയാണ്.റബ്ബർ വെട്ടുന്നതിനിടെ പുഴു കൈകളിൽത്തട്ടിയാൽ ചൊറിച്ചിൽ തുടങ്ങും.
മാസങ്ങളോളം വിരലുകളിൽ നീരും വേദനയും കാരണം പണിമുടങ്ങിയ തൊഴിലാളികളുമുണ്ട്.
വാണിയംകുളം, ചെറുകാട്ടുപുലം, മാന്നനൂർ, പനയൂർ ഉൾപ്പെടെ പലഭാഗങ്ങളിലും ഇവയുടെ ശല്യം രൂക്ഷമാണ്.
തേക്ക് കൂടുതലുള്ള ഭാഗത്താണ് ശല്യം കൂടുതലെന്ന് ടാപ്പിങ് തൊഴിലാളിയായ പി. സുനിൽകുമാർ പറഞ്ഞു. പുലർച്ചെ ടാപ്പിങ് നടത്തുന്നതിനാൽ മരങ്ങളിൽ പറ്റിപ്പിടിച്ച പുഴുക്കളെ കാണാനും സാധിക്കില്ല.
ചൊറിച്ചിലും വേദനയുംകൂടി ശ്വാസതടസ്സംവരെ ഉണ്ടാകുന്നതായി തൊഴിലാളികൾ പറഞ്ഞു. തുടർന്ന്, ആശുപത്രികളിൽ ചികിത്സതേടേണ്ട അവസ്ഥയാണ്.
മുൻ വർഷങ്ങളിലും പുഴുശല്യം ഉണ്ടായിരുന്നെങ്കിലും ഇത്ര രൂക്ഷമായിരുന്നില്ല. ഇത്തവണ കാലാവസ്ഥാവ്യതിയാനംമൂലം മഴ കുറഞ്ഞതാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് തൊഴിലാളികൾ പറയുന്നു.