തകർന്നുവീഴാറായ കെട്ടിടത്തിൽ വില്ലേജ് ഓഫീസിന്റെ ദുരവസ്ഥ

പാലക്കാട് : മഴപെയ്താൽ ചോർന്നൊലിക്കുന്ന മേൽക്കൂര, ചൂടുകാലത്ത് നിന്നുതിരിയാൻ സ്ഥലമില്ലാത്ത അന്തരീക്ഷം, തകർന്നുവീഴാറായ ജനലുകളും ചുമരുകളും... പുതുപ്പരിയാരം വില്ലേജ് രണ്ട് ഓഫീസിലെത്തുന്ന പൊതുജനങ്ങളെയും ജീവനക്കാരെയും കാത്തിരിക്കുന്നത് ദുരിതമാണ്. കാലപ്പഴക്കത്താൽ എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ് ഈ സർക്കാർ സ്ഥാപനം. എട്ടു ജീവനക്കാർ ജോലി ചെയ്യുന്ന ഓഫീസിൽ നിന്നുതിരിയാൻ പോലും സ്ഥലമില്ല.

വിവിധ ആവശ്യങ്ങൾക്കായി മൂന്നിൽ കൂടുതൽ ആളുകൾ ഒരേസമയം എത്തിയാൽ കെട്ടിടത്തിനുള്ളിൽ തിങ്ങിഞെരുങ്ങേണ്ടി വരും. ജീവനക്കാർക്കു നേരെയുള്ള ഇരിപ്പിടത്തിൽ ആളുകൾ ഇരുന്നാൽ മറ്റുള്ളവർക്ക് അതുവഴി നടക്കാൻപോലും കഴിയാത്ത സ്ഥിതിയാണ്.

മേൽക്കൂരയുടെ പലഭാഗങ്ങളും വിണ്ടുകീറി ഏതുസമയത്തും താഴേക്കു പതിക്കാവുന്ന നിലയിലാണ്. കാറ്റടിച്ചാൽ ആടുന്ന ജനലുകളിൽ ചില്ലുകൾ തകർന്നുപോയതിനാൽ മരപ്പലകകൾ വെച്ചാണ് മറച്ചിരിക്കുന്നത്. ഇതിലൂടെ ഇഴജന്തുക്കൾ ഓഫീസിലേക്ക്‌ കടക്കാനും സാധ്യതയേറെയാണ്.

ചുമരുകളുടെ ബലക്ഷയവും വലിയ അപകടഭീഷണിയുയർത്തുന്നു. ഇതിനുപുറമേയാണ് ശൗചാലയത്തിന്റെ ദയനീയസ്ഥിതി. ഒന്നു കാലുതെറ്റിയാൽ ക്ലോസെറ്റിലേക്ക് ചെന്നുപതിക്കുന്ന അവസ്ഥയിലുള്ള ശൗചാലയം ജീവനക്കാർക്ക് ഉപയോഗിക്കാൻ ഭയമാണ്.

കെട്ടിടം നവീകരിക്കണമെന്ന് ആവശ്യമുണ്ടെങ്കിലും നടപ്പായിട്ടില്ല. 2025-ൽ കെട്ടിടം നവീകരിക്കാനായി പദ്ധതി രൂപരേഖ നൽകിയിട്ടുണ്ടെന്നും ഇതിനായി അടങ്കൽ നൽകിയതായും അധികൃതർ പറഞ്ഞു.

കുടിവെള്ളവുമില്ല

ജലസേചന വകുപ്പിലേക്കുള്ള ബിൽ കുടിശ്ശികയായതിനെത്തുടർന്ന് മാസങ്ങളായി ഇവിടുത്തെ ജലവിതരണം നിലച്ചിരിക്കുകയാണ്. ജീവനക്കാർ കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കുമുള്ള വെള്ളം സമീപത്തെ വീടുകളിൽ നിന്നാണ് ചുമന്നുകൊണ്ടുവരുന്നത്.

വെള്ളമില്ലാത്തതിനാലും ശൗചാലയത്തിന്റെ ദുരവസ്ഥ കാരണവും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പലപ്പോഴും വീടെത്തുന്നതുവരെ കാത്തിരിക്കണം. ഇത് ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ട്.

മതിയായ ഫണ്ടില്ലാത്തതിനാലാണ് കുടിശ്ശിക വന്നതെന്നും ഫണ്ട് അനുവദിക്കാൻ അപേക്ഷ നൽകിയതായും താലൂക്ക് അധികൃതർ അറിയിച്ചു.