നാശത്തിൻെറ വഴിയിലാണ് ‘ശുഭയാത്ര’

കുളപ്പുള്ളി : ജില്ലയിൽ ആദ്യമായി സ്ഥാപിച്ച 'ശുഭയാത്ര' ഇലക്ട്രോണിക് ട്രാഫിക് പാർക്ക് കാടുപിടിച്ച് ഉപയോഗശൂന്യമായി കിടക്കുന്നു. വാണിയംകുളം പഞ്ചായത്തിലെ കൂനത്തറ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പോലീസ് റോഡ് സേഫ്റ്റി പ്രൊജക്ടിൻെറ ഭാഗമായി നിർമിച്ച പാർക്കാണിത്. സ്കൂളിൻെറ 20 സെന്റ് സ്ഥലത്ത് 34 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം നടത്തിയത്. വാഹനങ്ങൾ ഓടിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് നേരിട്ട് അറിയുന്നതിനുള്ള സൗകര്യങ്ങളെല്ലാം പാർക്കിൽ ഒരുക്കിയിരുന്നു. ഇതിനായി പാർക്കിൽ റോഡ് 100 മീറ്ററോളം ദൂരം ടാറിങ് ചെയ്തിട്ടുമുണ്ട്.
കൃത്രിമമായി നിർമിച്ച റോഡുകളിലൂടെയും സിഗ്നലുകളിലൂടെയും യാത്ര ചെയ്ത് റോഡ് നിയമങ്ങൾ നേരിട്ട് കണ്ട് പഠിക്കാൻ വിദ്യാർഥികൾക്ക് ഇതിലൂടെ സാധിക്കുന്നു. റോഡ് സുരക്ഷാ ബോർഡുകൾ സീബ്രാ ലൈൻ എന്നിങ്ങനെയുള്ള റോഡിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളും പാർക്കിലുണ്ട്. ട്രാഫിക് പാർക്കിൽ സൈക്കിൾ ഉപയോഗിച്ചോ കാൽനടയായോ യാത്ര ചെയ്ത് പഠിക്കുന്നതിനാണിത്. കൂടാതെ റോഡ് സുരക്ഷയെപ്പറ്റിയുള്ള വിശദമായ ക്ലാസുകളും വീഡിയോകളും പോസ്റ്ററുകളും പ്രദർശിപ്പിക്കുന്നതിന് എൽ.സി.ഡി. സ്ക്രീനോട് കൂടിയ ഒരു ക്ലാസ് മുറിയുണ്ട്. ട്രാഫിക് സിഗ്നലുകൾ, റോഡ് അടയാളങ്ങൾ, സീബ്ര ക്രോസിങ് തുടങ്ങിയവയെല്ലാം കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളാണ് ഇതിലുള്ളത്.
ഇതോടൊപ്പം പാർക്കിൽ തന്നെ കുട്ടികൾക്ക് കളിക്കാനായി ചെറിയ പാർക്കും സ്ഥാപിച്ചിരുന്നു. ട്രാഫിക് ബോധവത്കരണത്തിനായി എല്ലാ വിദ്യാലയങ്ങളിലെ കുട്ടികൾക്കും പൊതുജനങ്ങൾക്കും പാർക്ക് ഉപയോഗപ്രദമാക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ കൃത്യമായി അറ്റകുറ്റപണികൾ നടത്താതെ പുല്ല് നിറഞ്ഞ ട്രാഫിക് പാർക്ക് ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. ക്ലാസ് മുറികൾക്ക് സമീപം പുല്ലും കാടും നിറഞ്ഞതോടെ ഇഴജന്തുകളുടെ ഭീതിയിലുമാണ് വിദ്യാർഥികൾ.
സംസ്ഥാനത്ത് മൂന്നു പാർക്ക് അനുവദിച്ചതിൽ ജില്ലയിൽ തന്നെ ആദ്യ പാർക്ക് കൂടിയാണിത്. സ്കൂൾ തലം മുതൽ തന്നെ ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന ഒരു നല്ല തലമുറയെ വാർത്തെടുക്കാനായിരുന്നു പദ്ധതിയുടെ ഉദ്ദേശ്യം.
ശുഭയാത്ര പദ്ധതിയുടെ ഭാഗമായി നിർമിച്ച ഇലക്ടോണിക് പാർക്ക് 2019 നവംബറിലാണ് ഉദ്ഘാടനം ചെയ്തത്. നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് കത്ത് നൽകിയതായി സ്കൂൾ അധികൃതർ പറഞ്ഞു.